ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ദേശീയപാതയില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍റെ കുതിരസവാരി; കേസെടുക്കാന്‍ കൂട്ടാക്കാതെ പൊലീസ് | Video

Jaihind News Bureau
Tuesday, May 12, 2020

ഗുണ്ടല്‍പേട്ട്: കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കർശനമായി തുടരുന്നതിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദേശീയപാതയില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍റെ കുതിരസവാരി.  പൊതുജനങ്ങള്‍ക്ക് കൂടി അപകടമുണ്ടാക്കുന്ന രീതിയില്‍ പൊതുനിരത്തിലൂടെ കുതിരപ്പുറത്ത് പാഞ്ഞിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്.

ബി.ജെ.പി എം.എല്‍.എ നിരഞ്ജന്‍ കുമാറിന്‍റെ മകന്‍ ഭുവന്‍ കുമാറാണ് ഇത്തരത്തില്‍ ലോക്ക്ഡൗണിനിടെ ഭ്രാന്തമായ വേഗത്തില്‍ കുതിരയോടിച്ചത്. ചാമരാജ്നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് നിരഞ്ജന്‍ കുമാർ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന നിർദേശവും ലംഘിച്ചായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ മകന്‍റെ കുതിരയോട്ടം.

മറ്റുള്ളവര്‍ക്ക് അപകടകരമാകുന്ന രീതിയില്‍ ദേശീയപാതയിലൂടെ കുതിരസവാരി നടത്തിയിട്ടും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്നും പരാതിയുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ എം.എല്‍.എ തയാറായിട്ടില്ല. 900 കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇതിനോടകം കർണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. 42 പുതിയ കേസുകളാണ് ഒരു ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊറോണക്കെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സന്ദർഭത്തില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍റെ പ്രവൃത്തി സമൂഹമാധ്യമങ്ങളിലും ചോദ്യംചെയ്യപ്പെടുകയാണ്.

https://twitter.com/Lkh2707/status/1260113079716757505