അഹമ്മദാബാദ്: ഗുജറാത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബിജെപിക്ക് തിരിച്ചടിയായി എംഎൽഎ രാജിവെച്ചു. സാവ്ലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കേതൻ ഇനാംദാറാണ് രാജിവെച്ചത്. സ്വാഭിമാനത്തേക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഉൾവിളിയെ തുടർന്നാണു രാജിയെന്ന് കേതൻ ഇനാംദാർ പറഞ്ഞു. സാധാരണക്കാരായ പ്രവർത്തകരെ പാർട്ടി പരിഗണിക്കുന്നില്ലെന്നും കേതൻ ഇനാംദാർ വിമർശിച്ചു.
വഡോദരയിലെ സാവ്ലി മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ നേതാവാണ് കേതൻ ഇനാംദാർ. 2020 ജനുവരിയിലും ഇനാംദാർ രാജി പ്രഖ്യാപിച്ചെങ്കിലും സ്പീക്കർ സ്വീകരിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനിടെ പാർട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിക്ക് തലവേദനയാകുകയാണ്.