കൊറോണവൈറസിനെതിരായുള്ള പോരാട്ടത്തില്‍ ഏർപ്പെട്ടിരിക്കുന്നവർക്കും ഐസൊലേഷനില്‍ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച രാത്രി 9മണിക്ക് 9 മിനിറ്റ് വൈദ്യുതി വിളക്കുകളണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആരും പുറത്തേക്കിറങ്ങരുതെന്നും വാതില്‍ക്കലോ മട്ടുപ്പാവിലോ ദീപം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ് ഈ ആഹ്വാനം ഏറ്റെടുത്തത് അണികളേയും കൂട്ടി പന്തം കത്തിച്ച് നിരത്തിലിറങ്ങിയാണ്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള എംഎല്‍എയുടെ പ്രകടനം വിവാദമായിരിക്കുകയാണ്. പന്തം കൊളുത്തി, ചൈന വൈറസ് ഗോബാക്ക് എന്ന മുദ്രാവാക്യവും വിളിച്ച് അണികളെ ഒപ്പംകൂട്ടിയായിരുന്നു തെരുവുകളിലൂടെയുള്ള രാജാ സിങിന്റെ പ്രതിഷേധപ്രകടനം. തെലങ്കാനയിലെ ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ഇയാള്‍. ഇരുപതോളം പേരും എംഎല്‍എക്കൊപ്പം പ്രകടനത്തില്‍ അണിനിരന്നു.
വീടുകള്‍ക്ക് മുന്നില്‍ പാത്രങ്ങളും കൊട്ടിയും കൈയടിച്ചും ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യണമെന്ന് നേരത്തെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ പലയിടത്തും ആളുകള്‍ കൂട്ടമായി റോഡിലിറങ്ങിയത് വിവാദമായിരുന്നു.