ബിജെപിയുടെ ദുർഭരണത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ പാർട്ടി വിടുന്നു ; ദുഷ്പ്രവൃത്തികള്‍ക്കു പ്രായശ്ചിത്തമായി തലമുണ്ഡനം ചെയ്തു

Jaihind Webdesk
Wednesday, October 6, 2021

അഗര്‍ത്തല : ത്രിപുരയിലെ മുതിര്‍ന്ന ബിജെപി നേതാവും സുര്‍മ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയുമായ ആശിഷ് ദാസ് പാർട്ടി വിടുന്നു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ആശിഷ്, തല മുണ്ഡനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ആശിഷ് യജ്ഞവും നടത്തി.  ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന് ആശിഷ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ അതിരൂക്ഷ വിമര്‍ശകന്‍ കൂടിയായിരുന്നു ആശിഷ്. ഇദ്ദേഹം ഉടന്‍തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 2023-ല്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ത്രിപുരയെ ഏറെ പ്രതീക്ഷയോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നോക്കിക്കാണുന്നത്. സര്‍ക്കാര്‍ വസ്തുവകകള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആശിഷ് ദാസ് വിമര്‍ശിച്ചു.

content highlights: bjp mla from tripura tonsure head, likely to join tmc