നാല് തോക്ക്; ഐറ്റം ഡാന്‍സ്, മദ്യം; ബി.ജെ.പി എം.എല്‍.എയുടെ വീഡിയോ വൈറല്‍

Jaihind Webdesk
Wednesday, July 10, 2019

ന്യൂഡല്‍ഹി: ഇരുകൈകളിലും തോക്കുകളുമായി ബോളിവുഡ് ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എം.എല്‍.എ. ഉത്തരാഖണ്ഡിലെ എം.എല്‍.എ പ്രണവ് സിങ് ചാംപിയന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഷനിലാണ് പ്രണവ് സിങ്.
നാലു തോക്കുകളാണ് ദൃശ്യത്തില്‍ പ്രണവ് സിങ് ഉയര്‍ത്തിക്കാട്ടുന്നത്. തോക്കുകള്‍ മാറിമാറി ഉയര്‍ത്തി ബോളിവുഡ് പാട്ടിനു നൃത്തം ചെയ്യുകയാണ് എംഎല്‍എ. ഇടയ്ക്കു തോക്കു സഹായിക്കു നല്‍കി ഗ്ലാസ് എടുക്കുന്നുമുണ്ട്. ഉത്തരാഖണ്ഡിലല്ല, ഇന്ത്യയില്‍ തന്നെ ആര്‍ക്കും പറ്റില്ല എന്ന കമന്റുകളോടെയാണ് എം.എല്‍.എയുടെ ആഘോഷം.
ചികിത്സയിലായിരുന്ന യാദവിന്റെ മടങ്ങിവരവ് അനുയായികളോടൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്. പ്രണവ് സിങ്ങിന്റെ വിഡിയോയെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. തോക്കുകള്‍ ലൈസന്‍സ് ഉള്ളതാണോയെന്നാണ് പരിശോധിക്കുന്നത്.