എല്ലാം മോദി കാണുന്നുണ്ട്; താമരയ്ക്കു കുത്തിയില്ലെങ്കില്‍ തൊഴില്‍ കാണില്ല; ഭീഷണിപ്പെടുത്തി ബിജെപി എംഎല്‍എ

Jaihind Webdesk
Tuesday, April 16, 2019

ഫത്തേപുര: ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിവീഴുമെന്ന് ഭീഷണി. ഗുജറാത്തിലെ ദഹോദയിലെ വോട്ടര്‍മാരെയാണ് ബി.ജെ.പി നേതാവും എം.എല്.എയുമായ രമേശ് കത്താര ഭീഷണിപ്പെടുത്തിയത്. വോട്ട് ചെയ്യാത്തവരെ കണ്ടെത്തുമെന്നും കണ്ടെത്തുമെന്നും പിന്നീട് ജോലിയുണ്ടാവില്ലെന്നുമാണ് ഭീഷണി.

വോട്ടിങ് യന്ത്രത്തില്‍ ജസ്വന്ത് സിംഗ് ഭാഭോറിന്റെ (ദാഹോദിലെ ബിജെപി സ്ഥാനാര്‍ഥി) ചിത്രമോ താമര ചിഹ്നമോ കണ്ടാല്‍ ആ ബട്ടണില്‍ വിരല്‍ അമര്‍ത്തണം. ഒരിക്കലും പിശക് ഉണ്ടാകരുത്- കത്താര പറഞ്ഞു. മോദി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആരാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്, ആരാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് ഇതെല്ലാം കാണുന്നുണ്ട്.

ആധാറില്‍ ഉള്‍പ്പെടെ എല്ലാ കാര്‍ഡുകളിലും നിങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ബൂത്തില്‍ പോളിംഗ് കുറവാണെങ്കില്‍ ആരാണ് വോട്ട് ചെയ്യാത്തതെന്ന് അദ്ദേഹം അറിയും. പിന്നീട് നിങ്ങളുടെ തൊഴില്‍ ഉണ്ടാവില്ലെന്നും രമേഷ് കത്താര ഭീഷണിപ്പെടുത്തി.