ബിജെപിയുടെ വരുമാനത്തില്‍ വന്‍കുതിപ്പ് , 2019-20 ല്‍ പാർട്ടിയുടെ വരുമാനം 3623 കോടി ; സിപിഎമ്മിനും വർധന

Jaihind Webdesk
Saturday, August 28, 2021

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി യുടെ വരുമാനത്തില്‍ ഒരുവർഷം കൊണ്ട് 50 ശതമാനത്തിലേറെ വർധന. രാജ്യത്തെ ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിൽ 76 ശതമാനവും ബിജെപിക്കാണ്. 2019 – 20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഏഴ് ദേശീയ പാർട്ടികൾക്കുംകൂടി ആകെ ലഭിച്ചത് 4758 കോടി രൂപയാണ്. അതിൽ 3623 കോടിയും ബിജെപിക്കാണ് കിട്ടിയത്. ഇക്കാലയളവില്‍ കോൺഗ്രസിന്‍റെ വരുമാനം 25.7 ശതമാനം കുറഞ്ഞ് 918 കോടി രൂപയിൽ നിന്ന് 682 കോടിയായി .

വിവിധ ഉറവിടങ്ങളിൽ നിന്നായി 2018-’19-ൽ ബിജെപിക്ക് 2410 കോടി രൂപ ലഭിച്ചത് തൊട്ടടുത്ത സാമ്പത്തികവർഷം 50.34 ശതമാനം വർധിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

സിപിഎമ്മിന് 2018-’19-ൽ 100 കോടി രൂപയായിരുന്നത് അടുത്ത സാമ്പത്തികവർഷം 158 കോടിയായി. എൻസിപി യുടേത് 50 കോടിയിൽനിന്ന് 85 കോടിയായും വർധിച്ചു. ശതമാനക്കണക്കിൽ ഏറ്റവും വരുമാനം വർധിച്ചത് (68.77 ശതമാനം) എൻസിപി ക്കാണ്.