
കേരളത്തിലെ ബി.ജെ.പി. – ആര്.എസ്.എസ്. നേതൃത്വം വലിയ ധാര്‍മ്മിക പ്രതിസന്ധിയിലാണ്. രണ്ട് മാസങ്ങള്‍ക്കിടെ സംഘടനയുമായി ബന്ധമുള്ള മൂന്ന് പേരാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അഴിമതി, സാമ്പത്തിക ക്രമക്കേട്, ശാഖാ കേന്ദ്രത്തിലെ ലൈംഗികാതിക്രമ ആരോപണം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളാണ് ഓരോ മരണത്തിലൂടെയും പുറത്തുവരുന്നത്.
ആത്മഹത്യ ചെയ്ത ആര്.എസ്.എസ്. പ്രവര്‍ത്തകനായ ആനന്ദ്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്. ഏറ്റവും ഒടുവില്‍ പുറത്തു വന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ക്ഷീണമായി മാറുകയാണ് ആനന്ദിന്റെ ആത്മഹത്യ. ബി.ജെ.പി. നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആത്മഹത്യാ സന്ദേശത്തില്‍, മണ്ണ് മാഫിയയുമായി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ആനന്ദ് ആരോപിക്കുന്നു. ‘ഒരു ആര്.എസ്.എസ്സുകാരനായി ജീവിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’ എന്ന ആനന്ദിന്റെ വാക്കുകള്‍ സംഘടനയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, കോര്പ്പറേഷന് കൗണ്‍സിലറും ബി.ജെ.പി. നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. ആറ് കോടി രൂപയുടെ വായ്പാ ബാധ്യതയില്‍ താന്‍ ഒറ്റപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു. തിരുമല ജംഗ്ഷനിലെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനിലിന്റെ ആത്മഹത്യാക്കുറിപ്പിലും ബി.ജെ.പി. നേതൃത്വത്തിനെതിരെയാണ് ആരോപണം. അനിലിന്റെ നേതൃത്വത്തിലുള്ള വലിയശാല ഫാം ടൂര്‍ സൊസൈറ്റിക്ക് ആറ് കോടിയോളം രൂപയുടെ വായ്പ ബാധ്യതയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് അനിലിന്റെ കുറിപ്പില്‍ പറയുന്നു. താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും, പ്രതിസന്ധിയില്‍ താന്‍ ഒറ്റപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നു. ‘എല്ലാ കുറ്റവും തനിക്കായി, അതുകൊണ്ട് ജീവനൊടുക്കുകയാണ്’ എന്ന അനിലിന്റെ വാചകങ്ങള്‍, വലിയ സാമ്പത്തിക ഇടപാടുകളില്‍ ബി.ജെ.പി. നേതാക്കള്‍ തമ്മിലുള്ള പരസ്പര പിന്തുണയുടെ അഭാവം വ്യക്തമാക്കുന്നു.
കാഞ്ഞിരപ്പള്ളിയില്‍ ആര്.എസ്.എസ്. ശാഖാ കേന്ദ്രത്തില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ച് യുവാവായ അനന്തു അജി ജീവനൊടുക്കിയ സംഭവത്തിലും അന്വേഷണം നടക്കുകയാണ്. ഈ ആരോപണങ്ങള്‍ സംഘടനയുടെ ആഭ്യന്തര ഘടനയെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്നതാണ്. രാഷ്ട്രീയ സേവനത്തിന്റെയും ധാര്‍മ്മികതയുടെയും പേര് പറഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ‘ശാഖാ’ കേന്ദ്രത്തില്‍ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന ആരോപണം സംഘപരിവാര്‍ സംവിധാനത്തെ പ്രതിക്കൂട്ടിലാക്കുന്നു. തെളിവുകളും മൊഴികളും ശേഖരിച്ചശേഷം ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാണ് പോലീസ് നീക്കം.
ഒരു ദേശീയ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വങ്ങള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, സാമ്പത്തിക ഇടപാടുകള്‍, പ്രാദേശിക മാഫിയാ ബന്ധങ്ങള്‍, ലൈംഗികാതിക്രമ ആരോപണങ്ങള്‍ എന്നിവയുടെ പേരില്‍ തുടര്‍ച്ചയായി പ്രതിക്കൂട്ടില്‍ വരുന്നത് കേരളത്തില്‍ ബി.ജെ.പി. – ആര്.എസ്.എസ്. സംവിധാനം നേരിടുന്ന ധാര്‍മ്മിക ശോഷണമാണ് സൂചിപ്പിക്കുന്നത്. ‘അധികാരമോഹം’ എന്ന് ന്യായീകരിക്കുന്നതിനപ്പുറം, ഈ ആരോപണങ്ങളില്‍ നേതൃത്വം മറുപടി പറഞ്ഞേ തീരൂ.