കൂടുതല്‍ ബിജെപി നേതാക്കള്‍ തൃണമൂലിലേക്ക് ; കൊഴിഞ്ഞ് പോക്ക് തടയാന്‍ നേതൃത്വം പണിപ്പെടുന്നു

ബംഗാളിൽ തൃണമൂൽ സ്ഥാപക നേതാക്കളിൽ പ്രമുഖനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ മുകുൾ റോയി തൃണമൂലിലേക്ക്  തിരിച്ചുവരുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപി വിടാനൊരുങ്ങുന്നുവെന്ന് റ്പ്പോർട്ടുകള്‍. കൃഷ്ണനഗർ നോർത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായ മുകുൾ റോയ് മകന്‍ സുഭ്രാൻഷുവിനൊപ്പമാണ് തൃണമൂലിലേക്കു മടങ്ങിയത്.‌

മുകുൾ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയതോടെ പാർട്ടിയിലേക്ക് തിരികെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബിജെപി പാളയത്തിലുള്ള മറ്റു നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുപ്പതോളം നേതാക്കളാണ് തൃണമൂലിൽനിന്നു ബിജെപിയിലേക്കു ചേക്കേറിയത്. ഇവരിൽ ഭൂരിഭാഗവും നിരുപാധികം തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയും നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായതുമാണ് കാരണം. എന്നാൽ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി നേതൃത്വം.

കൂടുതൽ നേതാക്കൾ പാർട്ടിയിലേക്കു മടങ്ങിയെത്തുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തവരെ മാത്രമാണ് തിരികെ സ്വാഗതം ചെയ്യുകയെന്നും മമത വ്യക്തമാക്കിക്കഴിഞ്ഞു. പാർട്ടി വിട്ടവരെ തിരികെ എത്തിക്കുന്നതിനൊപ്പം ജനസ്വാധീനമുള്ള ഏതാനും ബിജെപി നേതാക്കളെ കൂടി സ്വന്തം പാളയത്തിലെത്തിച്ച് ബിജെപിയെ കൂടുതൽ ദുർബലമാക്കാനും മമത ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.

 

 

 

Comments (0)
Add Comment