ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കൽ കോളേജ് കോഴ വിവാദം വീണ്ടും കത്തുന്നു. ബി.ജെ.പി നേതാക്കൾ ഇടപെട്ട് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടികൾ കോഴ വാങ്ങിയ വർക്കലയിലെ എസ്.ആർ കോളേജിന്റെ വിദ്യാർഥി പ്രവേശനം കൂടി സുപ്രീം കോടതി തടഞ്ഞതിനെ തുടർന്നാണ് കോഴ വിവാദം വീണ്ടും കത്തുന്നത്. അടിസ്ഥാനസൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിലിന്റെ ആരോപണം സാധൂകരിച്ചാണ് കോളേജിലെ നൂറ് സീറ്റുകളിലേക്കുള്ള പ്രവേശനം കോടതി റദ്ദാക്കിയത്. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ കാലയളവിലാണ് വിവാദം ബി.ജെ.പിക്കുള്ളിൽ ഉടലെടുത്തത്. സംഭവത്തിൽ ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി രമേശിനെതിരെയും ആരോപണം ഉയർന്നു വന്നിരുന്നു. തുടർന്ന് പാർട്ടി നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നതോടെയാണ് കോഴ വിവാദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്.
സംഭവം അന്വേഷിക്കാൻ കെ.പി ശ്രീശൻ, എ.കെ നസീർ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെയാണ് ബി.ജെ.പി നിയമിച്ചത്. തുടർന്ന് ഇവർ തയാറാക്കിയ റിപ്പോർട്ടിൽ അഞ്ചുകോടി 60 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. കൺസൾട്ടന്സി ഫീസായി 25 ലക്ഷം രൂപ മാത്രമാണ് മാത്രമാണ് നല്കിയതെന്ന കോളേജ് ഉടമയുടെ വാദം ശ്രീശനും നസീറും തള്ളിയിരുന്നു. 5 കോടി 60 ലക്ഷം രൂപ കോളേജ് ഉടമ ഷാജി ബി.ജെ.പി സഹകരണ സെൽ മുൻ കൺവീനർ ആർ.എസ് വിനോദിന് നൽകിയെന്ന് ബോധ്യപ്പെട്ടെതിനെ തുടർന്നാണ് ഇവർ കുമ്മനത്തിന് റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ട് ചോർന്നതോടെ ഇത് തങ്ങളുടേതല്ലെന്ന വാദമുയർത്തി ഇവർ രംഗത്ത് വരികയും ചെയ്തിരുന്നു.
തുടർന്ന് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ ബി.ജെ.പി വെട്ടിലായി. തുടർന്ന് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരനായ നഗരസഭാ മുൻ കൗൺസിലർ സുകാർണോയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ബി.ജെ.പി അന്വേഷണ കമ്മീഷൻ അംഗങ്ങൾക്കും കോഴ നൽകിയതായി ആരോപണമുള്ള വർക്കലയിലെ കോളേജുടമ ആർ ഷാജിക്കും നോട്ടീസ് നൽകി. വിജിലൻസ് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായ ശ്രീശനും നസീറും അഞ്ചുകോടി 60 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി ബോധ്യപ്പെട്ടെന്ന മൊഴിയും വിജിലൻസിനു നൽകിയിരുന്നു.
സതീഷ് നായർ എന്ന ഇടനിലക്കാരൻ വഴിയാണ് കോളേജിന് അംഗീകാരം ലഭിക്കാനുള്ള കോഴപ്പണം കൈമാറിയെതെന്നും സ്ഥിരീകരണമുണ്ടായിരുന്നു. പിന്നീട് കേസിൽപ്പെട്ടവർ തന്നെ നിസഹകരണം ആരംഭിച്ചതോടെ മുന്നോട്ടു പോകാൻ കഴിയാതെ വിജിലൻസിന് കേസ് അവസാനിപ്പിക്കേണ്ടിയും വന്നു. എം.ടി രമേശിനെതിരെ ഉയർന്ന ആരോപണത്തിൽ മറ്റൊരു നേതാവായ വി.വി രാജേഷിനെതിരെ നടപടിയെടുത്ത് പാർട്ടി പ്രശ്നം ഒതുക്കി തീർക്കുകയും ചെയ്തു. നിലവിൽ കോളേജിന് അടിസ്ഥാനസൗകര്യമില്ലെന്ന വാദമുയർത്തി സുപ്രീം കോടതി വിദ്യാർഥി പ്രവേശനം റദ്ദാക്കിയതോടെ കോഴയിടപാട് നടന്നുവെന്ന വാദം വസ്തുതാപരമാണെന്ന കാര്യമാണ് ബോധ്യപ്പെടുന്നത്.