ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് എന്‍. ശിവരാജന്‍. കേരള സര്‍ക്കാരും കോണ്‍ഗ്രസും ആര്‍എസ്എസിന്റെ ഭാരതാംബയെ അധിക്ഷേപിച്ചെന്നാരോപിച്ചാണ് പാലക്കാട് ബിജെപി പ്രതിഷേധം നടത്തിയത്. പ്രതിഷേധ വേളയിലാണ് പാലക്കാട് നഗരസഭ കൗണ്‍സിലര്‍ കൂടിയായ ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗത്തിന്റെ വിവാദ പരാമര്‍ശം.
ദേശീയ പതാകയ്ക്ക് സാമ്യം തോന്നുന്ന പതാക മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ബിജെപി നേതാവ് ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും സിപിഎം വേണമെങ്കില്‍ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയെന്നുമാണ് ശിവരാജന്‍ അധിക്ഷേപിച്ചത്. കാവിക്കൊടി ഇന്ത്യന്‍ പതാകയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികരണത്തിനിടെ കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെയും ശിവരാജന്‍ അധിക്ഷേപിച്ചിരുന്നു. ശിവന്‍കുട്ടിയല്ല, ശവന്‍കുട്ടിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധിക്ഷേപം നടത്തിയത്.