കഴിച്ച ബിരിയാണിയുടെ കാശ് ചോദിച്ചു , അമിത് ഷായുടെ പേര് പറഞ്ഞ് ഭീഷണി ; ബിജെപി നേതാക്കള്‍  അറസ്റ്റില്‍

ചെന്നൈ : ബിരിയാണി വാങ്ങിയതിനുശേഷം  കാശ് നല്‍കാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞു ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കള്‍  അറസ്റ്റില്‍. ചെന്നൈ റോയപേട്ടയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്‍റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.

റോയപേട്ടയിലെ മുത്തയ്യ തെരുവിലെ ബിരിയാണി കടയിലായിരുന്നു സംഭവം. കട അടയ്ക്കുന്ന സമയത്തു മൂന്നുപേര്‍ എത്തി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി കിട്ടിയതോടെ പണം നല്‍കാതെ കടന്നു കളയാനായി ശ്രമം. ഉടമയും ജീവനക്കാരും ഇതു തടഞ്ഞു. ഇതോടെ ബിജെപി നേതാക്കളോടു ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായി വിളിക്കുമെന്നു പറഞ്ഞു വിരട്ടാന്‍ നോക്കി. പിറകെ തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്നും  സംഘം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഉടമ പൊലീസില്‍ അറിയിച്ചു. ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. വധഭീഷണി മുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Comments (0)
Add Comment