ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ബലാത്സംഗക്കേസിൽ അറസ്റ്റിൽ

ബലാത്സംഗക്കേസിൽ ആരോപണവിധേയനായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് യുപി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്കായി ചിന്മയാനന്ദിനെ ഷാജഹാൻപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. സംസ്ഥാനത്തെ കരുത്തനായ നേതാക്കളിൽ ഒരാളായ ചിന്മയാനന്ദിനെ യുപി പൊലീസ് തൊടുന്നില്ലെന്ന ആരോപണങ്ങൾ വ്യാപകമായിരുന്നു.

ബലാത്സംഗപരാതി നൽകിയ പെൺകുട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത അന്വേഷണ സംഘം, പരാതി കിട്ടി രണ്ടാഴ്ചയോളം ചിന്മയാനന്ദിനെ ഒന്ന് വിളിച്ച് വരുത്തുക പോലും ചെയ്തില്ല. 73 വയസ്സുള്ള ചിന്മയാനന്ദിന് ഉത്തർപ്രദേശിലെമ്പാടും ആശ്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിന്മയാനന്ദ്. ചിന്മയാനന്ദ് നടത്തുന്ന നിയമവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നും ഒരു വർഷത്തോളം പീഡനം തുടർന്നെന്നുമാണ് കേസ്. ലോ കോളേജിൽ അഡ്മിഷൻ തന്നതിന് പ്രത്യുപകാരം വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയെ ചിന്മയാനന്ദ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്. കണ്ണടയിൽ ചെറിയ സ്‌പൈ ക്യാമറ ഘടിപ്പിച്ച് റെക്കോഡ് ചെയ്ത ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് നൽകിയിട്ടുണ്ട്.

swamy Chinmayanand
Comments (0)
Add Comment