രാജീവ് ഗാന്ധിയ്ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നു. കര്‍ണ്ണാടക ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദാണ് മോദിയുടെ രാജീവ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശം ആവശ്യമില്ലാത്തതായിരുന്നുവെന്നും കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ് അഭിപ്രായപ്പെട്ടു.
‘എല്‍ ടി ടി ഇ ആണ് പദ്ധതി ആവിഷ്കരിച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അഴിമതി ആരോപണത്തെ തുടര്‍ന്നല്ല അദ്ദേഹം മരണപ്പെട്ടത്. ആരും തന്നെ അത് വിശ്വസിക്കില്ല. ഞാന്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് മോദി ജി. എന്നാല്‍ രാജീവ് ഗാന്ധിയെ പറ്റി അദ്ദേഹം ഇത്തരത്തിലുള്ള പരാമര്‍ശം നടത്തേണ്ടിയിരുന്നില്ല’- ശ്രീനിവാസ പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ ഭാരിച്ച ചുമതലകള്‍ ഏറ്റെടുത്ത വ്യക്തിയാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള നേതാക്കള്‍ അദ്ദേഹത്തെ പറ്റി നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ശ്രീനിവാസ കൂട്ടിച്ചേര്‍ത്തു.
Srinivasa Prasad, BJP: LTTE planned & assassinated Rajiv Gandhi. He did not die due to corruption allegations. Nobody believes that, even I don’t believe it. I have lot of respect for Modi ji, but it was not necessary for him to speak against Rajiv Gandhi. pic.twitter.com/RDWsEglqSd
— ANI (@ANI) May 8, 2019
ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.