തിരുവനന്തപുരം: ജില്ലയുടെ തീരദേശ മേഖലകളിൽ ബിജെപി പണം നൽകി വോട്ട് പിടിക്കുന്നു എന്ന ഗുരുതരമായ ആരോപണം ശക്തമാകുന്നു. പണം നൽകി വോട്ട് പിടിക്കുന്ന ബിജെപിയുടെ തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ടും സംഘവും ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിൽ ചേർന്നു.
തലസ്ഥാനത്തെ തീരമേഖലയിൽ ബിജെപി നേതാക്കൾ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും വിവാദങ്ങളും ആളിക്കത്തുന്നതിനിടയിലാണ് ബിജെപി ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ടും സംഘവും ശശി തരൂരിനെ പിന്തുണയുമായി കോൺഗ്രസിൽ എത്തിയത്. തീരമേഖലയിൽ പണം നൽകി ബിജെപി നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കുകയാണെന്ന് ഫ്രാൻസിസ് ആൽബർട്ട് ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് താൻ ബിജെപി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ താനും കേട്ടിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ പറഞ്ഞു. കേട്ട കാര്യമാണ് താൻ പറഞ്ഞതെന്നും എവിടെയും ആരുടെയും പേരോ പാർട്ടിയോ താൻ പരാമർശിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ അയച്ച വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
ഫ്രാൻസിസ് ആൽബർട്ടിന്‍റെ വെളിപ്പെടുത്തലുകൾ നേരത്തെ ഉയർന്നിരുന്ന ആരോപണങ്ങളെ കൂടുതൽ ബലപ്പെടുത്തുകയാണ്. ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവരുമെന്നും ഫ്രാൻസിസ് ആൽബർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസിൽ എത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനും ശശി തരൂർ എംപിയും കെപിസിസി ആസ്ഥാനത്ത് ഷോൾ അണിയിച്ച് സ്വീകരിച്ചു.