അഗസ്റ്റയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിച്ചത് ബി.ജെ.പി നേതാവ്: മിഷേലിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതിയാരോപണം നേരിടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ ഇന്ത്യയില്‍ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിച്ചത് പ്രമുഖ ബി.ജെ.പി നേതാവ്. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതാണ് ഇത്. ഈ നേതാവ് നിലവില്‍ രാജ്യസഭാംഗവും മുന്‍ കേന്ദ്ര മന്ത്രിയുമാണെന്നാണ് സൂചന.

കോണ്‍ഗ്രസിനെയും സോണിയ ഗാന്ധിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനായി ബി.ജെ.പിയുടെ പ്രധാന കരുനീക്കമായിരുന്നു അഗസ്റ്റ ആരോപണം. എന്നാല്‍ ഇതുതന്നെ ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന അവസ്ഥയിലാണ്.അഗസ്റ്റയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ നടപടി പൂര്‍ത്തിയായത് മോദി സര്‍ക്കാരിന്റെ കാലത്താണ്.

ഏതാനും മാസത്തിനുശേഷം കമ്പനി കരിമ്പട്ടികയില്‍ നിന്ന് ഒഴിവായി. അതിനു ബിജെപി നേതാവ് സഹായിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മിഷേല്‍ വെളിപ്പെടുത്തിയത്. തന്റെയും പിതാവിന്റെയും സുഹൃത്തുക്കളായ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലും ഈ ബിജെപി നേതാവിന്റെ പേര് പരാമര്‍ശിച്ചതായി സൂചനയുണ്ട്. നേരത്തെ സിബിഐയുടെ ചോദ്യം ചെയ്യലില്‍ മിഷേല്‍ ഈ നേതാവിന്റെ പേര് പരാമര്‍ശിച്ചെങ്കിലും അവരത് രേഖപ്പെടുത്താന്‍ തയ്യാറായില്ലത്രെ.

ഇതിനിടെ, മിഷേലിനെ അടുത്ത മാസം 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി മിഷേലിനെ ഏതാനും ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.
അഗസ്റ്റ ഇടപാടിലെ കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ 15 ദിവസം മിഷേലിനെ കസ്റ്റഡിയില്‍ വച്ച ഇഡിക്ക് അയാളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലും സംഘടിപ്പിക്കാനായിട്ടില്ലെന്ന് അഭിഭാഷകരായ ആല്‍ജോ കെ. ജോസഫ്, എം.എസ്.വിഷ്ണുശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവര്‍ വാദിച്ചു. കേസ് അടുത്ത അടുത്ത മാസം 26നു പരിഗണിക്കാന്‍ മാറ്റി. ഉടനെ ജാമ്യാപേക്ഷ നല്‍കുമെന്ന് മിഷേലിന്റെ അഭിഭാഷകര്‍ പറഞ്ഞു.

Augusta WestlandChristian Michelaugustwestlandbjp
Comments (0)
Add Comment