കുഴല്‍പ്പണക്കേസ് : ബിജെപി സംസ്ഥാന നേതാവിനെ ചോദ്യം ചെയ്തു ; ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

Jaihind Webdesk
Friday, May 28, 2021

തൃശൂർ : കൊടകര കുഴൽപണ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടനാ സെക്രട്ടറി എം ഗണേഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. കേസിൽ ഉൾപ്പെട്ട ധർമ്മരാജനെ വിളിച്ചത് സംഘടനാ കാര്യങ്ങൾക്കാണെന്നും ഗണേഷ് വിശദീകരിച്ചു.

തൃശൂർ പോലീസ് ക്ലബ്ബിൽ മൂന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഗണേശിനെ വിട്ടയച്ചത്. ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകാനും നിർദേശം നൽകി. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ഗണേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ബിജെപിക്ക് വേണ്ടിയല്ല പണം വന്നതെന്ന് ഗണേശ് വിശദീകരിച്ചു. ധർമരാജനെ സംഘടനാപരമായ കാര്യങ്ങൾക്കാണ് വിളിച്ചത്. കർത്തയോട് ധർമ്മരാജനെ വിളിക്കാൻ പറഞ്ഞതും സംഘടനാ ആവശ്യങ്ങൾക്കാണ്. പണം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്ക്ക് കൈമാറാനായിരുന്നു എന്ന ധർമ്മരാജന്‍റെ വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ല. ധർമ്മരാജന്‍റെ കുഴൽപ്പണ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും എം ഗണേഷ് മൊഴി നൽകി.

അതേസമയം ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ നാളെ ചോദ്യം ചെയ്യും
രാവിലെ 10 ന് തൃശൂർ പോലീസ് ക്ലബ്ബിൽ എത്താൻ ഗിരീഷിന് അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ഇവരിൽ ചിലരെ വീണ്ടും വിളിപ്പിച്ചേക്കും. ബിജെപി നേതൃനിരയിലെ കൂടുതൽ പേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.