ദീപാവലിക്ക് സ്വര്‍ണ്ണത്തിന് പകരം ആയുധം വാങ്ങിവെയ്ക്കൂ: കൊലവിളിയുമായി ബി.ജെ.പി നേതാവ്; അയോധ്യവിധിയെത്തുടര്‍ന്ന് കലാപത്തിന് ആസൂത്രണം

Jaihind Webdesk
Sunday, October 20, 2019

ന്യൂഡല്‍ഹി: അയോധ്യ വിധി എന്തുതന്നെയായാലും അത് വര്‍ഗ്ഗീയതയിലേക്കും കലാപത്തിലേക്കും നയിക്കാന്‍ ആസൂത്രണവുമായി ബി.ജെ.പിയും സംഘപരിവാര സംഘടനകളും ആഹ്വാനങ്ങള്‍ തുടങ്ങി. ‘അയോധ്യാ വിധി വരാനുണ്ട്, ദീപാവലിയില്‍ സ്വര്‍ണത്തിന് പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കൂ, ആവശ്യം വരും’യു.പിയിലെ ജനങ്ങളോട് ബി.ജെ.പി നേതാവ് ഗജ് രാജ് റാണയുടെ ആഹ്വാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും പകരം ഈ ദീപാവലിയില്‍ ഇരുമ്പ് വാളുകള്‍ വാങ്ങണമെന്ന് ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ട് യു.പിയിലെ ബി.ജെ.പി നേതാവ് ഗജ്രാജ് രണ. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്റെ ആഹ്വാനം.
‘രാമക്ഷേത്രം പണിയണമെന്നാവും സുപ്രീംകോടതി വിധിയെന്ന ആത്മവിശ്വാസമുണ്ട് ഞങ്ങള്‍ക്ക്. വിധി തീര്‍ച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തും. അതിനുവേണ്ടി സ്വര്‍ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങള്‍ ആവശ്യമാകുമെന്നുറപ്പാണ്’, ഗജ്രാജ് രണ പറഞ്ഞതിങ്ങനെ.