സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തുടര്‍ സമരപരിപാടികളില്‍ പങ്കെടുക്കും ; കേരളത്തിലെ നേതൃത്വത്തെ തള്ളി ലക്ഷദ്വീപ് ബിജെപി

Jaihind Webdesk
Monday, June 14, 2021

കവരത്തി : കേരളത്തിലെ നേതൃത്വത്തെ തള്ളി ബിജെപി ലക്ഷദ്വീപ് നേതൃത്വം. സേവ് ലക്ഷദ്വീപ് ഫോറത്തെ തകര്‍ക്കാന്‍ കേരളത്തിലെ ബിജെപി നേതൃത്വം ശ്രമിക്കുന്നതായി അമിനി ദ്വീപ് ബിജെപി പ്രസിഡന്റ് പി.വി സലീം പറഞ്ഞു. ദ്വീപ് ജനത ഒന്നിച്ച് നടത്തിയ ഉപവാസ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് രഹസ്യമായി നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി നിര്‍ദ്ദേശം തള്ളി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തുടര്‍ സമരപരിപാടികളില്‍ അമിനി ദ്വീപിലെ ബിജെപി പ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിലെ കരിദിനാചരണത്തിനെതിരെ പൊലീസ് നടപടി. വീടുകളിലെ കറുത്ത കൊടികള്‍ നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തുന്നതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രഫുല്‍ പട്ടേല്‍ എത്തുന്നതിനെതിരെ ദ്വീപിലെ എല്ലാ വീടുകള്‍ക്ക് മുന്നിലും കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ദ്വീപില്‍ സമാധാനം ഉറപ്പാക്കുക എന്ന ബാനറുകളും വീടുകള്‍ക്ക് മുന്നിലുണ്ട്. ഇവ നീക്കം ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.