മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കുഴങ്ങി ബിജെപി; തർക്കം രൂക്ഷം

Jaihind Webdesk
Sunday, December 10, 2023

 

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ സാധിക്കാതെ ബിജെപി. ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം സംസ്ഥാനത്ത് എത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വസുന്ധര രാജെ സിന്ധ്യയുടെയും ശിവരാജ് സിങ് ചൗഹാന്‍റെയും സമ്മർദ്ദ നീക്കത്തിലും ബിജെപി ആശങ്കയിലായിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തീരുമാനിക്കുവാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.

തർക്കങ്ങൾ പരിഹരിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് തർക്കം രൂക്ഷമായി തുടരുന്നത്. മുഖ്യമന്ത്രി പദത്തിനായി വസുന്ധര രാജെ സിന്ധ്യ മത്സരരംഗത്തുണ്ട്. അതേസമയം കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ നിന്നും മാറി നിൽക്കാൻ വസുന്ധര തയാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മധ്യപ്രദേശിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നത് ബിജെപിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഡിസംബർ മൂന്നിനായിരുന്നു ഇവിടങ്ങളിലെ വോട്ടെണ്ണല്‍.