
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് വന്‍ രാഷ്ട്രീയ വിവാദമാണ് ഉടലെടുത്തത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കാന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സിംഗിന്റെ ആരോപണം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്ഷിക പരിപാടിയില്‍ വെച്ചാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.
നെഹ്റുവിന്റെ ഈ നീക്കത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശക്തമായി എതിര്‍ക്കുകയും അതിന് സമ്മതിക്കാതിരിക്കുകയുമായിരുന്നു എന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഈ വാദം ‘പച്ചക്കള്ളമാണ്’ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. കോണ്‍ഗ്രസ് നേതാവായ മാണിക്കം ടാഗോര്‍ എക്സിലൂടെയാണ് രാജ്നാഥ് സിംഗിന് മറുപടി നല്‍കിയത്. ഈ വാദത്തെ പിന്തുണയ്ക്കാന്‍ തെളിവില്ലെന്നും ഇത് ബിജെപി പ്രചരിപ്പിക്കുന്ന കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നതിനെ നെഹ്റുജി എതിര്‍ത്തിരുന്നുവെന്ന ചരിത്രപരമായ വസ്തുത ടാഗോര്‍ ഓര്‍മ്മിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന സോമനാഥ ക്ഷേത്രത്തിന് പോലും പൊതുപണം ഉപയോഗിക്കാന്‍ വിസമ്മതിച്ച നെഹ്റു എങ്ങനെയാണ് ബാബറിക്ക് നികുതിപ്പണം ചെലവഴിക്കുക എന്ന് അദ്ദേഹം ചോദിച്ചു. ചരിത്രത്തെ മാറ്റിയെഴുതി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, നെഹ്റുവും പട്ടേലും തമ്മില്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.