‘ബിജെപിയുടെ ഭീഷണിയുണ്ട്’ ; എല്ലാം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് സുന്ദര

Jaihind Webdesk
Sunday, June 6, 2021

കാസർഗോഡ് : സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം തന്നുവെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപിയുടെ ഭീഷണിയുള്ളതായി കെ സുന്ദര. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ മത്സരത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണവും ഫോണും നല്‍കിയെന്ന് സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കുഴല്‍പ്പണ ആരോപണം, സി.കെ ജാനു വിഷയങ്ങളില്‍ പ്രതിസന്ധിയിലായ ബിജെപിയെ കൂടുതല്‍ കുരുക്കിലാക്കുന്നതായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ പണം വാങ്ങിയിട്ടില്ലെന്ന് തന്നോട് പറയാൻ അമ്മയോട് ബിജെപിയുടെ ആളുകള്‍ ആവശ്യപ്പെട്ടതായി സുന്ദര പറഞ്ഞു. പൊലീസിനോട് കൂടുതൽ വെളിപ്പെടുത്തുമെന്നും സുന്ദര കൂട്ടിച്ചേർത്തു. ബിഎസ്പി സ്ഥാനാർത്ഥിയായി പത്രിക നൽകിയ സുന്ദരയ്ക്ക് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

15 ലക്ഷമാണ് താന്‍ ആവശ്യപ്പെട്ടത്. ബിജെപി നേതാക്കള്‍ അമ്മയുടെ കയ്യില്‍ 2 ലക്ഷവും ബാക്കി തുക സുന്ദരയുടെ കയ്യിലുമാണ് നല്‍കിയത്. സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ, വീട് എന്നിവയും വാഗ്ദാനം ചെയ്തു. എന്നാൽ ഭീഷണിയോ ഉപദ്രവമോ ഉണ്ടായിട്ടില്ല. ജയിച്ചാൽ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രൻ ഫോൺ വിളിച്ചു പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യുകയാണെങ്കിൽ ഇക്കാര്യങ്ങൾ പറയാൻ തയാറാണെന്നും സുന്ദര പറഞ്ഞു. 2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കെ സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.