പാലക്കാട് നഗരസഭയുടെ കെട്ടിടത്തിന് ആര്‍.എസ്.എസ് നേതാവിന്റെ പേരിടുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ശക്തിയായി പ്രതികരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുജറാത്തില്‍ അഹമ്മദാബാദ് ഉള്‍പ്പെടെ എല്ലായിടത്തും ഇതാണ് നടക്കുന്നത്. അഹമ്മദാബാദില്‍ ഗാന്ധിജിയുടെ സ്മാരകത്തേക്കാള്‍ ബി.ജെ.പി കൂടുതല്‍ സംരക്ഷിക്കുന്നത് സവര്‍ക്കര്‍ കിടന്ന ജയിലിനെയാണ്. ചരിത്രം തിരുത്തി എഴുതാന്‍ ശ്രമിക്കുകയും സ്വാതന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്തിയ അഞ്ചാപത്തികളെ രാഷ്ട്രനേതാക്കളായി ആദരിക്കുകയും ചെയ്യുന്ന സംഘടനയാണ് സംഘ്പരിവാര്‍. ഈ ഫാസിസ്റ്റ് സംഘടനയെ എല്ലാവരും ചേര്‍ന്ന് എതിര്‍ക്കണം. എന്നാല്‍ അവര്‍ ഫാസിസ്റ്റും നവഫാസിസ്റ്റും അല്ലെന്നു പറഞ്ഞ് സി.പി.എം അവരെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും സതീശന്‍ കാസര്‍കോടു പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കാനൊരുങ്ങുകയാണ് പാലക്കാട് നഗരസഭ. ഇതിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗെവാറിന്റെ പേരിടാന്‍ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു യുവജന പ്രസ്ഥാനം പ്രതിഷേധമുയര്‍ത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന്. അതിനാലാണ് ശക്തമായി പ്രതിഷേധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയത്. നഗരസഭ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.