നേതൃമാറ്റം കൊണ്ടുമാത്രം ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല : പാർട്ടി അന്വേഷണ റിപ്പോർട്ട്

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മാറ്റിയത് കൊണ്ടുമാത്രം സാധിക്കില്ലെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ജേക്കബ് തോമസിന്‍റെ അന്വേഷണ റിപ്പോർട്ട്. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്നങ്ങൾ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതൽ മാറ്റമുണ്ടാവണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജേക്കബ് തോമസിന് പുറമെ സി.വി. ആനന്ദബോസും പാർട്ടി നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കേരളത്തിലെ ബി.ജെ.പി.യിൽ നേതൃമാറ്റം വേണമെന്നും ബൂത്തു തലംമുതൽ പാർട്ടി അഴിച്ചുപണിയണമെന്നും ആനന്ദബോസ് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രവർത്തകരിൽ ഭൂരിപക്ഷം പേർക്കും സംസ്ഥാന നേതൃത്വത്തോട് താത്‌പര്യമില്ല. തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതിൽ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.