വാഷിങ്ടൺ: ആർഎസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവരെക്കാൾ താഴ്ന്നവരായാണ് ആർഎസ്എസ് പരിഗണിക്കുന്നതെന്നും ഇന്ത്യ എന്താണെന്ന് ആർഎസ്എസിനും ബിജെപിക്കും മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിങ്കളാഴ്ച വിർജീനിയയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇന്ത്യയുടെ വൈവിധ്യങ്ങളെ ആർഎസ്എസ് അംഗീകരിക്കുന്നില്ലെന്നും ഒരു ഏക ആശയമായാണ് ഇന്ത്യയെ അവർ കാണുന്നതെന്നും രാഹുൽ പറഞ്ഞു. ചില ഭാഷകൾ മറ്റ് ഭാഷകളേക്കാൾ താഴ്ന്നതാണ്. ചില മതങ്ങൾ മറ്റ് മതങ്ങളെക്കാൾ താഴ്ന്നതാണ്. ചില സമുദായങ്ങൾ മറ്റ് സമുദായങ്ങളെക്കാൾ താഴ്ന്നവരാണെന്നും കരുതുന്നു. ഇത്തരത്തിൽ തമിഴ്, മറാത്തി, ബംഗാളി, മണിപ്പൂരി ഇവയെല്ലാം അവർക്ക് താഴ്ന്ന ഭാഷകളാണ്. ഇതിനെതിരെയാണ് ഇപ്പോൾ ഇന്ത്യയിൽ പോരാട്ടം നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നിങ്ങൾ ഏത് പ്രദേശത്തുള്ളയാളാണെങ്കിലും നിങ്ങൾക്കൊരു ചരിത്രമുണ്ട്, പാരമ്പര്യമുണ്ട്, ഭാഷയുണ്ട് അവയെല്ലാം മറ്റേതിനെയും പോലെ പ്രധാനം തന്നെയാണ്. ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഭാഷകൾ, പാരമ്പര്യങ്ങൾ, ചരിത്രങ്ങൾ മുതലായവയുടെ കൂടിച്ചേരലാണ് ഇന്ത്യ എന്ന് ഇത് അർത്ഥമാക്കുന്നുവെന്നും രാഹുൽ ഓർമ്മിപ്പിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്‌നേഹവും ബഹുമാനവും വിനയവുമെല്ലാം നഷ്ടമായിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. സമൂഹത്തിൽ വിദ്വേഷം പരത്തരുത്, അഹങ്കരിക്കരുത്, ആളുകളെ അവഹേളിക്കരുത് പകരം സ്നേഹം പ്രചരിപ്പിക്കുകയും വിനയം കാണിക്കുകയും ആളുകളെയും പൈതൃകങ്ങളെയും മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ബഹുമാനിക്കണമെന്നതാണ് നമ്മൾ ഉയർത്തിപ്പിടിക്കേണ്ട കാര്യങ്ങളെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.