തിരുവനന്തപുരം : കേരളത്തിൽ സംപൂജ്യരായി ബി.ജെ.പി. സിറ്റിംഗ് സീറ്റായ നേമം നഷ്ടപ്പെട്ട് ദയനീയ പരാജയമാണ് ബി.ജെ.പിക്ക് ഉണ്ടായത്. കേരളം ആര് ഭരിക്കുമെന്ന് ബി.ജെ.പി തീരുമാനിക്കുമെന്നാണ് തെരഞ്ഞടുപ്പിന് മുമ്പ് നേതാക്കൾ അവകാശപ്പെട്ടത്. പരസ്യമായി ഈ അവകാശവാദം ഉന്നയിച്ചിരുന്നങ്കിലും സിറ്റിംഗ് സീറ്റായ നേമം എങ്കിലും നിലനിർത്താമോ എന്ന് ആശങ്ക ബി.ജെ.പി നേതാക്കൾക്ക് ഉണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തെരഞ്ഞടുപ്പ് ഫലം. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടിടത്തും തോറ്റു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാർട്ടി ഹെലിക്കോപ്റ്റർ ഏർപ്പെടുത്തിയെങ്കിലും കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ 7 മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിൽ ഇത്തവണ്ണ അത് അഞ്ചായി ചുരുങ്ങി. ബി.ജെ.പി ഉയർത്തി കാട്ടിയ മെട്രോമാൻ ഇ ശ്രീധരന് പാലക്കാട് പരാജയപ്പെട്ടു. പാർട്ടിയുടെ പ്രമുഖ നേതാക്കൾ എല്ലാം തെരഞ്ഞടുപ്പ് പരാജയം രുചിച്ചു. പണം ഒഴുക്കി വൻ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. ചില മണ്ഡലങ്ങിൽ സി.പി.എമ്മുമായി ധാരണ ഉണ്ടാക്കിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച ഉണ്ടായി. പാർട്ടി സംസ്ഥാന്ന നേതൃത്വം ഇതിന് ഉത്തരം പറയണ്ടേ വരും.
വൻ തോൽവിക്ക് ഉത്തരവാദി പാർട്ടി സംസ്ഥാന നേതൃത്വമാണന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം. മുരളിധര സുരേന്ദ്ര പക്ഷത്തയാണ് എതിർചേരി പ്രതിക്കുട്ടിൽ നിർത്തുന്നത്. വൻ തോതിൽ തെരഞ്ഞെടുപ്പ് ഫണ്ട് ഒഴിക്കിയിട്ടും ഒരു സീറ്റ് പോലും വിജയിക്കാൻ കഴിയാത്തത് ബി.ജെ.പിക്ക് നാണക്കേടായി. തെരഞ്ഞടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത ആർ.എസ്.എസിനും തെരഞ്ഞടുപ്പ് ഫലം തിരിച്ചടിയായി. നേമത്തെ പരാജയത്തിൽ മുൻ എം.എൽ.എ രാജഗോപാലിന്റെ പ്രവൃത്തികളും കാരണമായതായി ആരോപണം ഉണ്ട്. ജനം ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയതോടെ ഇനി എന്തെന്ന ചോദ്യമാണ് പാർട്ടി നേതൃത്വത്തിന് മുന്നിൽ ഉയരുന്നത്.