കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ വളര്‍ച്ച ബിജെപി സര്‍ക്കാര്‍ തകര്‍ക്കുന്നു: കെ. സുധാകരന്‍ എംപി

Jaihind Webdesk
Tuesday, August 6, 2024

 

ന്യൂഡൽഹി : വിമാനത്താവളത്തിന്‍റെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഗുരുതരമായ അലംഭാവം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. മെട്രോ ഇതര വിമാനത്താവളങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു പോയിന്‍റ് കോള്‍ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേത്.  ഈ നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി തവണ ഇക്കാര്യം പാര്‍ലമെന്‍റിന്‍റേയും കേന്ദ്ര സര്‍ക്കാരിന്‍റെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതാണ്.’പോയിന്‍റ് ഓഫ് കോള്‍’ പദവി നല്‍കിയാല്‍ വിദേശ എയര്‍ലൈനുകള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്താനാകും. അതേസമയം കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന നിരവധി യാത്രക്കാര്‍ക്ക് തീരുമാനം ഏറെ സഹായകരമാകുമെന്നും എംപി പറഞ്ഞു.

കോവിഡ് പകര്‍ച്ചവ്യാധിയുടെ കാലത്ത് ഇത്തരം വിമാനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിനായിട്ടുണ്ട്. ‘പോയിന്‍റ് ഓഫ് കോള്‍’ പദവി ലഭിച്ചാല്‍ കൂടുതല്‍ വിമാനസര്‍വീസ് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ നടത്താന്‍ സാധിക്കും. അതിലൂടെ സാമ്പത്തിക വരുമാനം വര്‍ധിപ്പിക്കാനും കഴിയും. വിദേശ കമ്പനികള്‍ക്ക് കോള്‍ പോയിന്‍റ് അനുവദിക്കുന്ന സാങ്കേതിത്വം ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ സാധ്യതകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നതെന്നും കെ. സുധാകരന്‍ എംപി പറഞ്ഞു.