കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്‍റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ കേസിൽ ബി.ജെ.പി കേരള ഘടകത്തിന്‍റെ ചുമതലയുള്ള പി മുരളീധരറാവുവിനെതിരെ പോലീസ് കേസെടുത്തു. കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയാണ് മുരളീധര്‍ റാവു. ഹൈദരാബാദ് പോലീസാണ് മുരളീധർ റാവു ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തത്. വഞ്ചനയ്ക്കും വ്യാജ രേഖചമച്ചതിനും ഭീഷണിപ്പെടുത്തലിനും എതിരെയാണ് കേസ്.
ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ടി പ്രവര്‍ണ റെഡ്ഡി, ഭാര്യ മഹിപാല്‍ റെഡ്ഡി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്‍റെ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്താണ് ഇവരില്‍ നിന്ന്പണം തട്ടിയത്. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്‍റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. 2.17 കോടി രൂപ തങ്ങളില്‍ നിന്ന് മുരളീധർ റാവുവും സംഘവും കൈപ്പറ്റിയതായി ഇവര്‍ പരാതിയില്‍ പറയുന്നു. നിര്‍മലാ സീതാരാമന്‍ വാണിജ്യവകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം.
പണം കൈപ്പറ്റി വളരെ നാളായാട്ടും നിയമനം സംബന്ധിച്ച കാര്യങ്ങള്‍ ശരിയാകാതെ വന്നതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ച ഇവരെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കെതികായ വകുപ്പുകള്‍ ചുമത്തിയാണ് മുരളീധർ റാവുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത് .