ഗുജറാത്തിലും താമര വാടുന്നു; മുന്‍മന്ത്രിയും മുന്‍ എം.എല്‍.എയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി

Jaihind Webdesk
Tuesday, January 22, 2019

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങുന്ന ബി.ജെ.പിക്ക് തിരിച്ചടിയായി രണ്ടുനേതാക്കള്‍ പാര്‍ട്ടി വിട്ടു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടിയിലെ വിമര്‍ശകനും മുന്‍മന്ത്രിയുമായ ബിമല്‍ ഷാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുജറാത്തിലെ പ്രമുഖ ഗോത്രവിഭാഗ നേതാവും മുന്‍ എം.എല്‍.എയുമായ അനില്‍ പട്ടേലും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ സ്വന്തം തട്ടകത്തില്‍പോടും പാര്‍ട്ടിയെ നിലനിര്‍ത്താനുള്ള പെടാപ്പാടിലാണ് ബി.ജെ.പി നേതൃത്വം.  മോദി അധികാരത്തിലെത്തിയതിനുശേഷം പാര്‍ട്ടിയിലെ അസംതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന പാര്‍ട്ടി വിട്ട നേതാക്കള്‍ ചൂണ്ടിക്കാട്ടി.

1998 ല്‍ കേശുഭായി പട്ടേലിന്റെ മന്തിസഭയില്‍ അംഗമായിരുന്ന ബിമല്‍ ഷായ്ക്ക് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം നിഷേധിച്ചിരുന്നു. കേശുഭായ് നരേന്ദ്ര മോദി അധികാര വടംവലിക്കിടയില്‍ രണ്ടു ചേരിയിലായിരുന്നു ബിമല്‍ ഷായും അന്നു എംഎല്‍എയായിരുന്ന അമിത് ഷായും. മോദിയുടെ അടുപ്പക്കാരനായിരുന്ന അമിത് ഷായെ അന്ന് കേശുഭായി പട്ടേല്‍ ഒതുക്കുകയായിരുന്നു. എന്നാല്‍ പിന്നീടു മോദി അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അമിത് ഷാ അമരത്തേക്കു വന്നപ്പോള്‍ ബിമല്‍ ഷാ തഴയപ്പെട്ടു.
തെക്കന്‍ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനില്‍ പട്ടേല്‍ . ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ സ്വാധീനവും കോണ്‍ഗ്രസുമായുള്ള അവരുടെ തിരഞ്ഞെടുപ്പു ധാരണകളും ഇപ്പോള്‍ത്തന്നെ ബിജെപി പാളയത്തില്‍ ആശങ്ക പടര്‍ത്തുന്നതിനിടയിലാണു പട്ടേല്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.