ഡല്‍ഹി: അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നതിനാലാണ് പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തതെന്ന് കോണ്‍ഗ്രസ് ലോക്സഭാ എം.പി പ്രിയങ്ക ഗാന്ധി. അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനും ബിജെപി ഇരു സഭകളും നടത്താതിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു. ഈ ശീതകാല സമ്മേളനത്തില്‍ മിക്ക ദിവസങ്ങളിലും വാദ പ്രതിവാദങ്ങളില്‍ മാത്രം ഊന്നിയതിനാല്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍റ് ചൊവ്വ, ബുധന്‍ എന്നിങ്ങനെ രണ്ട് ദിവസം മാത്രമേ ശരിയായി പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ലോക്സഭയും രാജ്യസഭയും പതിവുപോലെ ഇന്നും ഉടനടി പിരിഞ്ഞു.
‘സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അവരുടെ തന്ത്രമാണ്… അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു. ഞാന്‍ പാര്‍ലമെന്‍റില്‍ പുതിയ ആളാണ്. ഈ സമ്മേളനം ആരംഭിച്ചിട്ട് 10 ദിവസമായി. ഈ ദിവസമത്രയും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണ്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഉപനേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയിയും ഇതേ ആരോപണം ഉന്നയിച്ചു.
അതേസമയം സഭ പ്രവര്‍ത്തിപ്പിക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്ന് വളരെ വ്യക്തമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ചര്‍ച്ച ഒഴിവാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ന് അവിടെയുള്ളതിനാല്‍ അവര്‍ സെഷന്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. പ്രതിപക്ഷ എതിര്‍പ്പില്‍നിന്ന് സഭ നിര്‍ത്തിവെക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായില്ലെന്നും തരൂര്‍ പറഞ്ഞു.