നേതാക്കളെ ചൈനയിലേക്ക് പാര്‍ട്ടി ക്ലാസിനായി  അമിത് ഷാ അയച്ചതെന്തിന്‌ ? ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ആ ചരിത്രപരമായ ബന്ധം എന്ത് ?; ബിജെപിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

Jaihind News Bureau
Sunday, June 28, 2020

 

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായുള്ള ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസിനെ പഴിചാരുന്ന ബിജെപിക്ക് മറുപടിയുമായി പാര്‍ട്ടി. ചൈനീസ് ഭരണകൂടവുമായും ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായും ബിജെപിക്കും ആര്‍എസ്എസിനും വഴിവിട്ട ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതു സംബന്ധിച്ച് 10 ചോദ്യങ്ങളും പാര്‍ട്ടി ഉന്നയിച്ചു.

2007 ജനുവരി 30ന് ചൈന സന്ദര്‍ശിച്ചപ്പോള്‍ ബിജെപിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായി ചരിത്രപരമായ ബന്ധമുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. എന്താണ് ആ ചരിത്രപരമായ ബന്ധമെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആവശ്യപ്പെട്ടു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ 2009ല്‍ ചൈനയില്‍ പോയതെന്തിനെന്നും ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ലാതിരുന്നിട്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരെ ക്ഷണിച്ചതെന്തിനെന്നും കോണ്‍ഗ്രസ് ചോദിച്ചു . അരുണാചല്‍പ്രദേശുമായും ടിബറ്റുമായും ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കളുമായി സിപിസി നേതാക്കള്‍ എന്താണ് സംസാരിച്ചത്. 2011 ജനുവരി 19ന് സിപിസിയുടെ ക്ഷണപ്രകാരം അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി അന്നത്തെ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി ചൈനയില്‍ പോയതെന്തിന് – കോണ്‍ഗ്രസ് ചോദിച്ചു.

2014 നവംബറില്‍ ബിജെപി എംഎല്‍എമാരേയും എംപിമാരേയും അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്‌കൂളില്‍ ഒരാഴ്ചത്തെ പഠനത്തിനായി അയച്ചതെന്തിനെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. വിദേശഫണ്ടും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച പണവും വെളിപ്പെടുത്താന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറുണ്ടോയെന്നും കോണ്‍ഗ്രസ് ചോദിച്ചു.