ക്ഷേത്രങ്ങൾ തുറക്കുന്നതിന് പിന്നാലെ സിപിഎം-ബിജെപി പോര് രൂക്ഷമാവുന്നു

Jaihind News Bureau
Tuesday, June 9, 2020

സംസ്ഥാനത്ത് ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കുന്നതിന് പിന്നാലെ സിപിഎം ബിജെപി പോര് രൂക്ഷമാവുന്നു.
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് രംഗത്തെത്തി. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിരകയറാനെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു. അതേസമയം, സംസ്ഥാന സർക്കാർ കൈവിട്ട കളി കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെയാണ് കേന്ദ്രസഹമന്ത്രി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. ക്ഷേത്രങ്ങൾ തുറക്കാൻ വിശ്വാസികളോ അമ്പല കമ്മിറ്റികളോ ആവശ്യപ്പെട്ടിട്ടില്ല. ദൈവ വിശ്വാസമില്ലാത്ത സർക്കാർ, വിശ്വാസികളെ താറടിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വി.മുരളീധരന്‍റെ വിമർശനം. എന്നാൽ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്ര സർക്കാരാണെന്നും, കേന്ദ്ര തീരുമാനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തീരുമാനം എടുത്തത് മതമേലധ്യക്ഷന്മാരോടും ഹിന്ദു സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിയ ശേഷമാണ്. കഷ്ടമാണ് മുരളീധരന്‍റെ അവസ്ഥയെന്നും കടകംപള്ളി സുരേന്ദ്രൻ പരിഹസിച്ചു.

അതേസമയം വിഷയത്തിൽ സർക്കാർ കൈവിട്ട കളി കളിക്കുകയാണെന്ന വിമർശനവുമായി ബി.ജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും രംഗത്ത് എത്തി. ദേവസ്വംബോർഡിന് കീഴിലെ ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചത് കടകംപള്ളി സുരേന്ദ്രന്‍റെ ആർത്തി മൂലമാണെന്നും ഭക്തരുടെ വികാരത്തിന് വിരുദ്ധമാണ് എപ്പോഴും കടകംപള്ളിയുടെ താൽപര്യമെന്നും സുരേന്ദ്രൻ പറഞ്ഞു. ക്ഷേത്രം തുറന്നത് കൂടിയാലോചനയില്ലാതെയാണ്. ഈ മാസം മുപ്പതുവരെയെങ്കിലും ക്ഷേത്രങ്ങൾ കേരളത്തിൽ തുറക്കരുത് എന്നാണ് ബിജെപിയുടെ നിലപാടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ഭക്തരുടെ പേരിൽ ബിജെപി യും സിപിഎമ്മും രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ആരോപണമാണ് ഈ ഘട്ടത്തിൽ ശക്തമാകുന്നത്.