വിവാദച്ചുഴിയില്‍ ബിജെപി; പ്രതിസന്ധിക്കിടെ കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ

Jaihind Webdesk
Sunday, June 6, 2021

കൊച്ചി : പാർട്ടി നേരിടുന്ന ഗുരുതര പ്രതിസന്ധി ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു കൊച്ചിയിൽ ചേരും. കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടി എന്തു നിലപാട് സ്വീകരിക്കണമെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.

കൊടകര കുഴൽപ്പണ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ് കോ‍ർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്. ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴൽപ്പണക്കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ മുൻനിര നേതാക്കളുടെ അതൃപ്തി, സി.കെ ജാനു ഫണ്ട് വിവാദം, മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തൽ എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായേക്കും.

കുഴൽപ്പണ ഇടപാടിൽ സംഘടനാ ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തു കഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഉടൻ തന്നെ ചോദ്യം ചെയ്യാനിരിക്കുകയാണ്. കോർ കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഭിന്നതയില്ല എന്ന് സ്ഥാപിക്കാനാകും കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ ശ്രമം. എന്നാൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുമെന്ന് ചില മുതിർന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പണവിവാദങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം പാർട്ടിക്കുള്ളിൽ പുകയുന്നത്. ആരോപണങ്ങളുടെ ചെളിക്കുണ്ടിലായ പാർട്ടിയെ അതിൽനിന്ന് പൊക്കിയെടുക്കാൻ വിവാദത്തിന്‍റെ കേന്ദ്രബിന്ദു തന്നെയായ കെ സുരേന്ദ്രന്‌ കഴിയില്ലെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷം ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ അവർ ഇപ്പോൾ രാജിക്കായി കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല. സുരേന്ദ്രനെ രാജിയിലേക്ക് എത്തിക്കാനുള്ള നീക്കമാവും ഉണ്ടാവുക.

അതേസമയം സംസ്ഥാന പ്രസിഡന്‍റ് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നാണ് മുരളീധരവിഭാഗം കരുതുന്നത്. പാർട്ടിയിൽ പുനഃസംഘടന വേണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ ദേശീയ യോഗം നടക്കുന്നതിനിടെയാണ് ഇന്ന് കോർ കമ്മിറ്റി യോഗം. കേരളത്തിലെ ദയനീയ തോൽവിയും പിന്നീടുണ്ടായ വിവാദങ്ങളും കേന്ദ്രം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. കേന്ദ്രനിർദേശത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് അടിയന്തര കോർ കമ്മിറ്റിയോഗം വിളിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിൽ വൈകിട്ട് 3 മണിക്കാണ് യോഗം ചേരുന്നത്.