യുഎസില്‍ ട്രംപ് ഭരണകൂടത്തിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (DOGE) ‘ഇന്ത്യയിലെ വോട്ടര്‍മാരുടെ വോട്ടെടുപ്പിനായി 21 മില്യണ്‍ ഡോളര്‍’ യുഎസ്എഐഡി ഫണ്ട് ചെയ്യുന്നത് ‘റദ്ദാക്കിയതായി’ പ്രഖ്യാപിച്ചതുമുതല്‍ ആ വിഷയം വലിയ രീതിയില്‍ രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഭരണകക്ഷിയായ ബിജെപിയാവട്ടെ ഈ പണം ഉപയോഗിച്ച് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ബാഹ്യ സ്വാധീനം ഉപയോഗിച്ചതായി ആരോപിച്ച് വന്‍ പ്രചരണമാണ് നടത്തുന്നത്. എന്നാല്‍ ഇത് ബിജെപിയുടെ മറ്റൊരു നുണപ്രചരണമാണെന്നും അത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തെളിയുന്നു.
ദി ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം യു എസ് നല്‍കിയ 21 മില്യണ്‍ ഡോളര്‍ ഇന്ത്യയ്ക്കല്ല ലഭിച്ചിരിക്കുന്നത്. അത് ചെലവാക്കിയിരിക്കുന്നത് ബംഗ്ലാദേശിനെന്നാണ് തെളിയുന്നത് . ഇതു സംബന്ധിച്ച തെളിവുകള്‍ പത്രം പുറത്തു വിട്ടു. 2008 മുതല്‍ ഇന്ത്യയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡി ഗ്രാന്റ് അനുവദിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വോട്ടര്‍മാരുടെ പങ്കാളിത്തം കൂട്ടുന്നതിന് 21 മില്യണ്‍ ഡോളര്‍ യുഎസ്എഐഡി ഗ്രാന്റ് 2022 ല്‍ ബംഗ്ലാദേശിലെ ‘അമര്‍ വോട്ട് അമര്‍’ (എന്റെ വോട്ട് എന്റേതാണ്) എന്ന പദ്ധതിക്ക് അനുവദിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. വാട്ടര്‍മാരുടെ എണ്ണം കൂട്ടാനായി യുഎസ് ഫണ്ട് നല്‍കിയത് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനാണ് എന്ന പുതിയ റിപ്പോര്‍ട്ടു വന്നതോടെ ബിജെപിയുടെ പ്രചരണം അമ്പേ തെറ്റെന്നു തെളിഞ്ഞു.
വസ്തുതകള്‍ പരിശോധിക്കാതെ പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ വിരല്‍ ചൂണ്ടിയതിന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ബിജെപിയെ വിമര്‍ശിച്ചു.കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍സ് ഇന്‍-ചാര്‍ജ് ജയറാം രമേശും ഖേരയെ പിന്താങ്ങി, ‘ദേശവിരുദ്ധര്‍ ‘ ബിജെപിയിലാണ് ഉള്ളതെന്നും രാജത്ത് കൂടുതല്‍ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ‘ബാഹ്യ ശക്തികളില്‍ നിന്ന് നേരിട്ട് സഹായം’ സ്വീകരിച്ചതും ബിജെപിയാണെന്നും ഖേര ആരോപിച്ചു. ഇന്ത്യയ്ക്ക് യു എസ് ഗ്രാന്റ് നല്‍കിയിട്ടുണ്ടെങ്കില്‍, അത് ബിജെപിയുടെ മുഖത്തേറ്റ അടിയാണെന്ന് അദ്ദേഹം പറഞ്ഞു. ‘അജിത് ഡോവല്‍, ഐബി, റോ ഇവരൊക്കെ എവിടെയാണ്? 21 മില്യണ്‍ യുഎസ് ഡോളര്‍ നിങ്ങളുടെ രാജ്യത്തിന് ലഭിച്ചിട്ടുണ്ടെങ്കില്‍ ആ പണം ഉപയോഗിച്ചാണോ ബിജെപി 2014 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നു വ്യക്തമാക്കണമന്നും ഖേര പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് യുഎസ്എഐഡി നല്‍കിയ പിന്തുണ വിശദീകരിക്കുന്ന ഒരു ധവളപത്രം പ്രസിദ്ധീകരിക്കാന്‍ നേരത്തേ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതായി ഖേര ഓര്‍മ്മിപ്പിച്ചു.
ഇതേ ചൊല്ലി വിവാദം കൊഴുക്കുകയാണ്. പത്രത്തിന്റെ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ബിജെപി കുറ്റപ്പടുത്തി. റിപ്പോര്‍ട്ടിലെ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളയുന്നു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എസ് വൈ ഖുറൈഷിയുടെ കീഴില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ടറല്‍ സിസ്റ്റംസും (ഐഎഫ്ഇഎസ്) തമ്മില്‍ 2012 ല്‍ ഒപ്പുവച്ച ധാരണാപത്രത്തെ എക്‌സ്പ്രസ് കണ്ടില്ലേ എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യചോദിച്ചു. ഐഎഫ്ഇഎസ് സംഘടന അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാളവ്യ ആരോപിച്ചു. 2014 മുതല്‍ തുടര്‍ന്നുള്ള ധനസഹായത്തെക്കുറിച്ച് റിപ്പോര്‍ട്ട് നിശബ്ദത പാലിക്കുന്നതായും മാളവ്യ ട്വീറ്റ് ചെയ്തു.