മഹാരാഷ്ട്രയില്‍ ബിജെപി പരാജയം ഉറപ്പിച്ചു ,കള്ളപ്പണ വിതരണം പരാജയഭീതിയില്‍ ; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 19, 2024

തിരുവനന്തപുരം : മഹാരാഷ്ട്രയില്‍ ബിജെപി തോല്‍വി ഉറപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് കള്ളപണം വിതരണം ചെയ്യാന്‍ ബി ജെ പി ഇറങ്ങിയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മഹാരാഷ്ട്ര എഐസിസി ഇന്‍ചാര്‍ജുമായ രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ അഞ്ചു കോടി രൂപയുടെ കള്ള പണവുമായി ജനക്കൂട്ടം കയ്യോടെ പിടികൂടിയിരിക്കുന്നു.പരാജയഭീതി പൂണ്ട ബിജെപി സംസ്ഥാന മൊട്ടാകെ കള്ളപ്പണമൊഴുക്കി വോട്ട് വിലയ്ക്ക് വാങ്ങി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ആണ് ശ്രമിക്കുന്നത്.ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപ ഇവര്‍ ഒഴുക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഭരണ സംവിധാനത്തെ ഒട്ടാകെ ഇതിനായി ഉപയോഗിക്കുകയാണ്. പോലീസ് വാഹനങ്ങളില്‍ കള്ളപ്പണം കെടുത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം കാട്ടി മഹാവികാസ് അഗാഡി നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിയെങ്കിലും ഒന്നുമുണ്ടായില്ല.

സംസ്ഥാനമൊട്ടാകെ ഒഴുക്കിയ കള്ളപ്പണത്തിന്റെ വിവരശേഖരം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം . ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഈ ശ്രമത്തിനെതിരെ ആത്മാഭിമാനമുള്ള മഹാരാഷ്ട്രീയര്‍ ശക്തമായി പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.