ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി അഖണ്ഡ ഭാരതം’ ഭൂപടം; നിയുക്ത ബി.ജെ.പി മുഖ്യമന്ത്രി വിവാദത്തില്‍

Jaihind Webdesk
Sunday, July 4, 2021

 

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപുതന്നെ വിവാദത്തിലായി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ആറ് വര്‍ഷം മുമ്പ് ‘അഖണ്ഡ ഭാരതം’ എന്ന പേരിൽ ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയുള്ള ഭൂപടം പുഷ്കർ ട്വീറ്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. വെളുത്ത വര കൊണ്ട് അടയാളപ്പെടുത്തിയ ഇന്ത്യൻ മാപ്പിൽ ലഡാക്കിന്റേതുൾപ്പെടെ ചില പ്രദേശങ്ങൾ ഒഴിവാക്കിയത് ട്വിറ്റർ ഉപയോക്താക്കൾ കുത്തിപ്പൊക്കിയിരുന്നു.. അടുത്തിടെ ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ രണ്ടു പൊലീസ് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.

നാലു മാസത്തിനുള്ളിൽ ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായ പുഷ്കർ ഞായറാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിവാദം. സംസ്ഥാന ബി.ജെ.പിയിലെ കലഹത്തെ തുടർന്ന് തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 45 കാരനായ പുഷ്കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.