അധികാര ദുര്‍വിനിയോഗം നടത്തിയാണ് പല സംസ്ഥാനങ്ങളിലും ഭരണം നേടിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് ബിജെപി അധികാരത്തില്‍ എത്തിയെന്നും കേന്ദ്ര ഏജന്‍സികളെയും ഇതിനായി വിനിയോഗിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനദ്യോഹ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മോദിക്കെതിരെ ഇന്ത്യാസഖ്യം ഒറ്റക്കെട്ടാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ‘ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ യാണ് ചെയ്യേണ്ടതെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. സമഗ്ര വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ ഒരു ലക്ഷത്തോളം പേരെ അണിനിരത്തി പ്രതിഷേധിക്കുന്ന വേളയിലാണ് അദ്ദേഹം സംസാരിച്ചത്.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക അട്ടിമറി ആരോപണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഓം ബിര്‍ള നോട്ടീസ് തള്ളുകയായിരുന്നു. ബംഗ്ലൂരുവില്‍ നടക്കുന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷ മാര്‍ച്ചിന് രാഹുല്‍ നേതൃത്വം നല്‍കും. ബീഹാറിലും അടുത്തയാഴ്ച ഇന്ത്യ സഖ്യം പ്രതിഷേധ യാത്ര സംഘടിപ്പിക്കും.