മുംബെെ ഭീകരാക്രമണത്തിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ഹേമന്ത് കർക്കറെ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്ന് മലേഗാവ് സ്ഫോടന കേസിൽ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പ്രഗ്യാ സിംഗ് പറഞ്ഞു.
താൻ ജയിലിലായത് മുതൽ കർക്കറെയുടെ കഷ്ടക്കാലം തുടങ്ങുയെന്നും, കൃത്യം 45 ദിവസത്തിന് ശേഷം ഹേമന്ത് കർക്കറെ കൊല്ലപ്പെടുകയാണ് ചെയ്തത്. കര്‍ക്കറെയുടെ കുടുംബം അടക്കം നശിച്ചുപോകുമെന്ന് ശപിച്ചിരുന്നുവെന്നും പ്രഗ്യാ സിംഗ് ഠാക്കൂർ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റ് മരിച്ച ഹേമന്ത് കര്‍ക്കറയെ അപമാനിക്കുന്ന തരത്തിലായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വാക്കുകൾ. മുൻ മുംബൈ ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ തലവൻ ഹേമന്ത് കര്‍ക്കറെ നടത്തിയ അന്വേഷണത്തിലൂടെയായിരുന്നു മലേഗാവ് സ്ഫോടനത്തില്‍ പ്രഗ്യാ സിംഗിന്‍റെ പങ്ക് കണ്ടെത്തിയത്. സ്ഫോടനത്തിന് പിന്നിലെ ഹിന്ദു തീവ്രവാദ ശക്തികളെ കണ്ടെത്തിയ കർക്കറെ, കേണൽ പുരോഹിതിനെയും, സ്വാമി അസിമാനന്ദയെയും അറസ്റ്റ് ചെയ്തിരുന്നു.