56 ഇഞ്ചും മോദി തരംഗവുമൊക്കെ തീരുന്നു; അയോധ്യയും ഹൈന്ദവതയുമായി വോട്ടുപിടിക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: വികസനം, അഴിമതി മുക്തം, മഹാനായ മോദി തുടങ്ങിയ എല്ലാ രാഷ്ട്രീയ നാടകങ്ങളും അവസാനിച്ചതോടെ തീവ്രഹൈന്ദവതയെന്ന കണ്ണില്‍ പൊടിയിടലുമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി വഴികള്‍ തേടുന്നു. സാമ്പത്തികസംവരണവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രധാന പ്രചാരണായുധങ്ങളായിരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. വെള്ളിയാഴ്ച ദല്‍ഹിയിലാരംഭിച്ച ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അമിത്ഷാ നടത്തിയ പ്രസംഗത്തില്‍ ഈ രണ്ടു വിഷയങ്ങളെക്കുറിച്ചായിരുന്നു കൂടുതലും പരാമര്‍ശങ്ങള്‍.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പി. പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഷായുടെ പ്രഖ്യാപനം. ”ക്ഷേത്രം നിര്‍മിക്കാന്‍ 2014-ല്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായിരുന്നു. ഇപ്പോഴും അതെ. എത്രയുംവേഗം ക്ഷേത്രം നിര്‍മിക്കാനാണ് ആഗ്രഹം’ ഇങ്ങനെപോകുന്ന അമിത്ഷായുടെ വാക്കുകള്‍. എന്നാല്‍ കോടതിവിധിക്കനുസൃതമായേ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം ഉണ്ടാകൂവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ സ്വന്തം പാര്‍ട്ടി അധ്യക്ഷന്‍ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ് ഇതിലൂടെ. ‘ഇത്തവണ വീണ്ടും മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുവേളകളില്‍ മാത്രം പൊടുന്നനെ ഹിന്ദുവികാരം ഉയര്‍ത്തുന്ന പ്രഖ്യാപനങ്ങളും ആശയങ്ങളും ഉയര്‍ത്തിവിട്ട് അഴിമതിയും ഭരണപരാജയവും മറച്ചുവെയ്ക്കാനാണ് ബി.ജെ.പി ശ്രമം.  തൊഴിലില്ലായ്മ, റഫേല്‍ അഴിമതി, വളര്‍ച്ചാമാന്ദ്യം, കാര്‍ഷിക പ്രശ്‌നം, തീവ്രവാദി ഭീകര പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം എന്നിവയേക്കാള്‍ അടിയന്തരമെന്ന നിലയിലാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ പ്രചാരണങ്ങള്‍.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുക വഴി അഴിമതിയെ മറച്ചുവെയ്ക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ രാജിയും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും മോദിയുടെ വിശ്വസ്തനായ അസ്താനക്കെതിരെയുള്ള അഴിമതിക്കേസിലെ അന്വേഷണവും സി.ബി.ഐയുടെ വിശ്വസ്യതപോലും ജനങ്ങള്‍ക്കിടയില്‍ ചോദ്യമായിരിക്കുകയാണ്.

Comments (0)
Add Comment