പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിന് ബി.ജെ.പി പ്രവർത്തകരുടെ ക്രൂരമർദനം ; കാഴ്ചക്കാരനായി അമിത് ഷാ | Video

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചതിന് യുവാവിന് ബി.ജെ.പി പ്രവർത്തകരുടെ ക്രൂര മർദനം. ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് യുവാവിനെ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

അമിത് ഷായുടെ പ്രസംഗത്തിനിടെ ഒരു കൂട്ടം യുവാക്കൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതാണ് ബി.ജെ.പി പ്രവർത്തകരെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാരുടെ കൂട്ടത്തിലെ ഒരു യുവാവിനെയാണ് ബി.ജെ.പി പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയത്. കസേരയും മറ്റും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംഭവം കണ്ടെങ്കിലും ഇടപെടാന്‍ തയാറാകാതെ അമിത് ഷാ പ്രസംഗം തുടരുകയായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപമുയരുന്നുണ്ട്.

റാലിക്കിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കെതിരെ ബി.ജെ.പി പ്രവർത്തകർ ഭീഷണി മുദ്രാവാക്യം മുഴക്കിയതും വിവാദമായിരുന്നു. ‘ദേശദ്രോഹികളെ വെടിവെച്ച് കൊല്ലൂ… ഞങ്ങള്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം’ – എന്ന മുദ്രാവാക്യമാണ് പ്രവർത്തകർ മുഴക്കിയത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ നേതൃത്വം തയാറായില്ല.

 

 

amit shah
Comments (0)
Add Comment