‘തട്ടിക്കൂട്ട് കമ്പനിയുമായി കരാറില്‍ ഏർപ്പെട്ടതില്‍ ദുരൂഹത, മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന നടപടി സർക്കാരിന് ഭൂഷണമല്ല’ : രൂക്ഷ വിമർശനവുമായി ബിഷപ്പ് മാർ കൂറിലോസ്

ആഴക്കടല്‍ മത്സ്യബന്ധനക്കരാറില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന നിലപാട് സർക്കാരിന് ഭൂഷണമല്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസന ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. ഉദ്യോഗസ്ഥരെ ബലിയാടാക്കി കരാറിനെ ന്യായീകരിക്കാനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ലെന്നും ‘പറയാതെ വയ്യ’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ ബിഷപ്പ് പറഞ്ഞു.

സര്‍ക്കാരും ബന്ധപ്പെട്ട മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥര്‍ ധാരണാപത്രം ഒപ്പിടുമെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു വാദത്തിന് അത് അംഗീകരിച്ചാല്‍ തന്നെ സര്‍ക്കാരിന്‍റെ ബലഹീനതയായി കാണേണ്ടി വരും. യായൊരു യോഗ്യതയും ഇല്ലാത്ത ഒരു തല്ലിക്കൂട്ട് കമ്പനിയുമായി ഇത്തരത്തിലൊരു കരാറിലേര്‍പ്പെടുകയും സർക്കാരിന്‍റെ മത്സ്യബന്ധന നയത്തിന് ഘടകവിരുദ്ധമായ ഒരു പ്രോജക്ട് സമര്‍പ്പിക്കുകയും അവരുമായി ധാരണാ പത്രത്തിലേര്‍പ്പെടുകയുമൊക്കെ ചെയ്യുന്നത് ദുരൂഹമെന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. ഇത് ആദ്യമായല്ല ഉദ്യോഗസ്ഥരെ പഴിചാരി തടിയൂരാന്‍ സർക്കാർ ശ്രമിക്കുന്നതെന്നും ബിഷപ്പ് രൂക്ഷ വിമർശനമുന്നയിച്ചു.

 

ബിഷപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

 

പറയാതെ വയ്യ
പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവനം അപകടത്തിൽ ആക്കുന്ന ധാരണപത്രം റദ്ദു ചെയ്തത് സ്വാഗതം ചെയ്യുമ്പോൾ തന്നെ അതിനു ഇടയാക്കിയ സാഹചര്യം ഇടതുപക്ഷത്തിനു ഒട്ടും ഭൂഷണമല്ല എന്ന് പറയാതെ വയ്യ. ഉദ്യോഗസ്ഥരെ ബലിയാടാക്കി ന്യായീകരിക്കാൻ ശ്രമിക്കുന്നത് വിഫല ശ്രമമാണ്. സർക്കാരും ബന്ധപ്പെട്ട മന്ത്രിമാരും അറിയാതെ ധാരണപത്രം ഉദ്യോഗസ്ഥർ ഒപ്പിടും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച് ഈ സർക്കാരിൽ. അത് വാദത്തിന് അംഗീകരിച്ചാലും അത് സർക്കാരിന്റെ ബലഹീനതയെയാണ് കാണിക്കുന്നത്.
യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു തല്ലിക്കൂട്ട് കമ്പനി ഇടതുപക്ഷ മത്സ്യ- -മത്സ്യബന്ധന നയത്തിന് ഘടക വിരുദ്ധമായ ഒരു പ്രൊജക്റ്റ്‌ സർക്കാരിന് സമർപ്പിക്കുകയും അതിൽ ധാരണ പത്രം ഒപ്പിടുകയും അവർക്കു സ്ഥലം നൽകുകയും ചെയ്യുമ്പോൾ അതിൽ ദുരൂഹത ഏറുകയാണ്. ഇത് ആദ്യമല്ല ഈ സർക്കാർ ഉദ്യോഗസ്ഥരെ പഴിച്ചു ആഗോള കോർപറേറ്റ് പ്രൊജക്റ്റ്കളിൽ നിന്ന് പിന്മാറേണ്ടി വരുന്നത്.
പ്രളയ കാലത്തു നമ്മുടെ നാടിന്റെ രക്ഷകരായ മത്സ്യ തൊഴിലാളി സമൂഹത്തെ അടിമുടി പ്രതികൂലമായി ബാധിക്കുന്ന ഈ പ്രൊജക്റ്റ്‌മായി ബന്ധപ്പെട്ട എല്ലാ നടപടികളും റദ് ചെയ്യുവാൻ സർക്കാർ ഉടൻ തയ്യാറാവണം. അവരുടെ കടലിലുള്ള അവകാശം ആഗോള കുത്തകകൾക്കു വിൽക്കുന്ന ഇത്തരം പ്രൊജക്റ്റ്‌കളുമായി ഇനി ഒരു മൂലധന ശക്തികളും ഇവിടെ വരാതിരിക്കാൻ ശക്തമായ നടപടി ഉണ്ടാകണം. തെറ്റുകൾ ആർക്കും പറ്റാം. അത് സമ്മതിച്ചു തിരുത്തുമ്പോഴാണ് ഇടതുപക്ഷം ഇടതുപക്ഷമാകുന്നത്.

 

Comments (0)
Add Comment