‘സ്വന്തം പ്രത്യയശാസ്ത്രത്തെ പോലും കൈവിടുന്നവരുടെ അധികാര ഗർവിന്‍റെ വിവരം’; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്

Jaihind Webdesk
Sunday, June 9, 2024

 

വിവരദോഷി എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രയോഗം സ്വന്തം പ്രത്യയശാസ്ത്രത്തെപോലും കൈവിടുന്നവരുടെ അധികാര ഗർവിന്‍റെ വിവരമാണെന്നു പ്രസ്താവിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഗീവർഗീസ് മാർ കൂറിലോസ്. വിവരദോഷി എന്ന പിണറായി വിജയന്‍റെ പ്രസ്താവനയോട് പൂർണ്ണമായും യോജിക്കുന്നു എന്നു പറഞ്ഞുകൊണ്ടു തുടങ്ങുന്ന ഷിബി പീറ്ററിന്‍റെ ഫേസ്ബുക് പോസ്റ്റാണ് ഗീവർഗീസ് കൂറിലോസ് പങ്കുവെച്ചത്.

ഇംഗ്ലണ്ടിലെ കെന്റ് സർവകലാശാലയിൽനിന്നും തൊണ്ണൂറുകളുടെ ആദ്യത്തോടെ മടങ്ങി വന്ന ഗീവർഗീസ് കൂറിലോസ് അന്ന് മുതൽ നടത്തിയ സാമൂഹിക ഇടപെടലുകൾ വിവരിക്കുന്നതാണ് പോസ്റ്റ്. അതൊക്കെയാണ് പിണറായി വിജയൻ വിശേഷിപ്പിച്ച വിവരദോഷം എന്ന നിലയ്ക്കാണ് പോസ്റ്റ് മുന്നോട്ടു പോകുന്നത്.

ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

 

*ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസിനെ ‘വിവരദോഷി’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോട്‌ പൂർണ്ണമായും യോജിക്കുന്നു*

ബിഷപ്പ് കൂറിലോസിന്റെ വിവരദോഷം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇംഗ്ലണ്ടിലെ കെന്‍റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും തൊണ്ണൂറുകളുടെ ആദ്യത്തോടെ മടങ്ങിവന്ന അദ്ദേഹം പരിസ്ഥിതി, ദലിത്-ആദിവാസി പ്രശ്നങ്ങളിൽ ക്രൈസ്തവ സഭകളെ യും എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളേയും തന്‍റെ വിവരദോഷത്താൽ സ്വാധീനിച്ചു.

ഡോ. ജോർജ് മാത്യു നാലുന്നാക്കൽ എന്ന ആ വിവരദോഷിയെ ചിലർ കമ്യുണിസ്റ്റ് ആയി വിശേഷിപ്പിച്ചു. പിന്നീട് ശെമ്മാശപട്ടം ലഭിച്ചപ്പോൾ തന്‍റെ കറുത്ത ളോഹ ആ നിറത്തിന്‍റെ രാഷ്ട്രീയത്തേയും ഒരു ജനതയോടുള്ള താദാത്മ്യപ്പെടലായും ഉറക്കെ പ്രഖ്യാപിച്ചു. പുരോഹിതൻ ആയ ശേഷമുള്ള ആദ്യത്തെ വിവരദോഷ പ്രഖ്യാപനം കൂടിയായിരുന്നു അത്. പിന്നീട് മെത്രാനായ ശേഷം തന്‍റെ ചുവന്ന കുപ്പായത്തിന് ഒരു ഇടതുപക്ഷ രാഷ്ട്രീയമുണ്ടെന്ന നിലപാടും സ്വീകരിച്ചു. ഒരുപക്ഷേ ബിഷപ്പ് കൂറിലോസിന്റെ ഏറ്റവും വലിയ ‘വിവരദോഷം’ അതാണെന്ന് ഞാൻ കരുതുന്നു.

ബിഷപ്പ് ആയശേഷം _സമകാലിക മലയാളം_ വാരികയ്ക്ക് നൽകിയ ദീർഘമായ അഭിമുഖത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി, അംബദ്ക്കറിസത്തിന്റെയും മാർക്സിസത്തിന്റെയും ഗാന്ധിസത്തിന്‍റെയും വിമർശനാത്മക സമന്വയത്തിലാണെന്ന വിവരദോഷവും അദ്ദേഹം സമർഥിച്ചിട്ടുണ്ട്. പരിസ്ഥിതി കേന്ദ്രീകൃതമായ ജീവന്‍റെ രാഷ്ട്രീയമെന്ന വിവരദോഷമാണ് എക്കാലത്തും അദ്ദേഹം മുറുകെപിടിച്ചത്. വിവരദോഷം വിളിച്ചു പറയുക മാത്രമല്ല, അവയെല്ലാം അദ്ദേഹം നിരവധി ഗ്രന്ഥങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. മാത്രമോ, മൂലമ്പള്ളി, ചെങ്ങറ തുടങ്ങിയ ജനകീയ സമരങ്ങളുടെ മുൻനിര പോരാളിയായി. ഇന്ത്യയിലെ നിരവധി ജനകീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായി. 2014 ൽ ഡൽഹിയിൽ നടന്ന ഒരു പ്രക്ഷോഭത്തിൽ പങ്കെടുത്ത്, ലാത്തിച്ചാർജിനെ ഭയപ്പൊടാതെ ജനങ്ങൾക്കൊപ്പം നിന്ന്കൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ട വിവരദോഷവും ഓർത്തുപോകുന്നു.

‘തീരം’ എന്ന പ്രസ്ഥാനത്തിലൂടെ സവിശേഷ കഴിവുകളുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ‘പിതാവായി’ മാറിയ ശുദ്ധ വിവരദോഷം ഇപ്പോഴും അദ്ദേഹം തുടരുകയാണ്. ബിഷപ്പ് കൂറിലോസിന്‍റെ വിവരദോഷം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാണ്. സഭകളുടെ ആഗോള വേദിയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്‍റെ വേദികളിൽ അദ്ദേഹത്തിന്‍റെ വിവരദോഷ പ്രഭാഷണങ്ങൾക്ക് ആരാധകർ പോലുമുണ്ട്! എന്തിനേറെ അഖില ലോക ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (WSCF) അധ്യക്ഷ പദവിയിൽ പോലും ഈ വിവരദോഷി എത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്ത് നടന്ന ക്രിസ്ത്യൻ കോൺഫ്രൻസ് ഓഫ് ഏഷ്യ (CCA) യുടെ അസംബ്ലിയെ അഭിസംബോധന ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളുടെ സംഭാവനകളെ വാനോളം പ്രശംസിച്ചിരുന്നു. പ്രസ്തുത പ്രശംസയ്ക്ക് കാരണക്കാരായവരിൽ ബിഷപ്പ് കൂറിലോസിന്‍റെ വിവരദോഷ സംഭാവനകളും ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നത് സാന്ദർഭികമായി പറയട്ടെ.

കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ട് കാലമായി കേരള സമൂഹത്തിന് ബിഷപ്പ് കൂറിലോസിന്‍റെ വിവരദോഷങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ വിവരദോഷത്തിന്റെ പാരമ്യം ആയിരുന്നു അറുപതാം വയസിൽ സഭയുടെ അധികാരപദവിയിൽ നിന്നും രാജിവച്ചത്. ബിഷപ്പ് കൂറിലോസ് സ്ഥാനത്യാഗം ചെയ്തത് സമീപകാലത്ത് ആയിരുന്നുവെങ്കിലും അദ്ദേഹം ബിഷപ്പ് പദവിയിൽ നിന്നും രാജി വയ്ക്കാനുള്ള ആദ്യ ശ്രമം നടത്തിയ വിവരദോഷം കൂടി പറഞ്ഞ ശേഷം ഈ കുറിപ്പ് അവസാനിപ്പിക്കാം.

2012- ൽ സംസ്ഥാനസമ്മേളനത്തിന്‍റെ ഭാഗമായി സിപിഎം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ചരിത്ര ചിത്ര പ്രദര്‍ശനത്തിൽ വിപ്ലവകാരികള്‍ക്കൊപ്പം യേശുക്രിസ്തുവിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയത് ഏവരും ഓർക്കുമല്ലോ. ഇതിനേത്തുടർന്ന് ക്രൈസ്തവ സഭകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. എല്ലാ സഭകളും സിപിഎമ്മിനെതിരെ തിരിഞ്ഞു. വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവേ ബിഷപ്പ് കൂറിലോസ് എന്ന വിവരദോഷി പ്രസ്തുത പ്രദർശനം നേരിൽ കാണുകയും യേശുക്രിസ്തുവിനെ വിപ്ലവകാരി എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്നും പ്രസ്താവിച്ചു. ചിത്ര പ്രദർശന വിവാദത്തിൽ നിന്നും ഇടതുപക്ഷത്തിനെ കരകയറ്റിയ ഈ വിവരദോഷ പ്രസ്താവന ഇടതു അനുകൂല മാധ്യമങ്ങളും നേതാക്കളും അക്കാലത്ത് ആഘോഷിക്കുക തന്നെ ചെയ്തു.

എന്നാൽ ബിഷപ്പ് കൂറിലോസിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ സഭയിൽ വിവാദം ആളിപ്പടർത്തി. സഭയുടെ ഔദ്യോഗിക വക്താവായ ഒരു ബിഷപ്പ് പരസ്യമായി രംഗത്ത് വന്നു. തന്‍റെ നിലപാടിൽ നിന്നും അണുവിട മാറാൻ ബിഷപ്പ് കൂറിലോസ് തയ്യാറല്ലായിരുന്നു. ഇരുമെത്രാപ്പോലീത്തമാരെയും ഡമാസ്കസിലേക്ക് വിളിപ്പിച്ചു. തന്റെ നിലപാട് മാറ്റിപ്പറയാനുള്ള സമ്മർദ്ദം ഉണ്ടായാൽ ബിഷപ്പ് പദവി രാജിവയ്ക്കും എന്ന ഉറച്ച നിലപാട് അദ്ദേഹം എടുത്തിരുന്നു. ഇന്നത്തെപ്പോലെ പൊതുസമൂഹത്തിന് ഏറെ പരിചയമുള്ള ഒരാളായിരുന്നില്ല അന്നദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ മേൽ ഒരു സമ്മർദ്ദവും ഉണ്ടായില്ല. മറിച്ച് ആയിരുന്നുവെങ്കിൽ സിപിഎമ്മിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജിവയ്ക്കുന്ന വിവരദോഷിയായ ബിഷപ്പായി അദ്ദേഹം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടേനെ.
മേല്പറഞ്ഞ വിവാദസംഭവങ്ങളുടെ മദ്ധ്യേയാണ് ബിഷപ്പ് കൂറിലോസിന്റെ _’സമാന്തര ലോകങ്ങൾ’_ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യപ്പെടുന്നത്. ക്രൈസ്തവ സഭകളിൽ നിന്നും ഒറ്റപ്പെട്ട് പോയ ആ സമയത്ത് ബിഷപ്പ് കൂറിലോസിന് ഒപ്പം നിലകൊണ്ടത് സാക്ഷാൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയായിരുന്നു. ഇരുവരുടെയും ആത്മബന്ധത്തിന്റെ തുടക്കത്തിനും അതിടയാക്കി.

ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസ് എന്ന മനുഷ്യന്‍റെ സമാന്തര രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ പോകുന്നത് ആ വ്യക്തിയെക്കുറിച്ചുള്ള അജ്ഞത കൊണ്ടല്ല, സ്വന്തം പ്രത്യയശാസ്ത്രത്തെപ്പോലും കൈവിടുന്നവരുടെ ‘അധികാര ഗർവ്വിന്‍റെ വിവരം’ കൊണ്ടാണ്. ലോകമെമ്പാടും ക്രൈസ്തവ വിമോചന ദൈവശാസ്ത്രധാരകളും ഇടതുപക്ഷവും തമ്മിൽ വിമർശനാത്മക സാഹോദര്യമുണ്ട്. കേരളത്തിൽ ഡോ. എംഎം തോമസും ബിഷപ്പ് പൗലോസ് മാർ പൗലോസും ഉൾപ്പെടെയുള്ളവർ ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള തുടങ്ങിയ മാർക്സിസ്റ്റ് ചിന്തകരുമായി ആശയതലത്തിലും പ്രയോഗത്തിലും സഹകരിച്ചിരുന്നു. ക്രൈസ്തവ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ച് സാക്ഷാൽ ഇ.എം.എസ് തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. എം.എ ബേബിയും ഡോ. തോമസ് ഐസക്കും ബിനോയ്‌ വിശ്വവുമെല്ലാം ഈ ധാരയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ ഡോ. ഐസക്കുമായി ഇത് സംബന്ധിച്ച് ദീർഘമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ അത്ഭുതപ്പെടുത്തുക പോലും ചെയ്തു.

ഇടതുപക്ഷവും ക്രൈസ്തവ പുരോഗമനധാരയും തമ്മിലുള്ള ബന്ധം എക്കാലത്തേക്കാളേറെ ശക്തമാകേണ്ട ഒരു കാലഘട്ടത്തിൽ ആണ് ശ്രീ. പിണറായി വിജയന്‍റെ പ്രസ്താവന നിരാശപ്പെടുത്തുന്നത്. വാസ്തവത്തിൽ ബിഷപ്പ് കൂറിലോസും പിണറായി വിജയനും തമ്മിലുള്ള ‘വിവര ദൂരം’ അല്ല ഇത് കാണിക്കുന്നത്. മറിച്ച്, ഇടതുപക്ഷത്തിൽ നിന്നും പിണറായി വിജയനിലേക്കുള്ള ദൂരത്തെയാണ്.

*ഷിബി പീറ്റർ*
Thanks Shibi Peter ❤