കാർട്ടൂണ്‍ പുരസ്കാരത്തില്‍ ഉറച്ച് ലളിതകലാ അക്കാദമി; ജൂറി തീരുമാനം അന്തിമമെന്ന് വിലയിരുത്തല്‍

Jaihind Webdesk
Monday, June 17, 2019

Nemom-Pushparaj

ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിൽക്കുന്നതായി ലളിതകലാ അക്കാദമി. ബിഷപ്പിന്‍റെ അംശവടി മതചിഹ്നമല്ലെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് വ്യക്തമാക്കി. കാർട്ടൂൺ വിവാദമായ  പശ്ചാത്തലത്തിൽ തൃശൂരില്‍ ഇന്ന് ചേര്‍ന്ന പുനഃപരിശോധന യോഗമാണ് വിഷയത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തത്. കാര്‍ട്ടൂണില്‍ ഏതെങ്കിലും മതചിഹ്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ലയെന്നും  അക്കാദമി നിർവാഹക സമിതിയുടേയും ജനറൽ കൗൺസിലിന്‍റെയും സംയുക്ത യോഗം വിലയിരുത്തി.

കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് അക്കാദമി ആസ്ഥാനത്ത് പുനഃപരിശോധനാ യോഗം ചേര്‍ന്നത്. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് യോഗത്തില്‍ തീരുമാനമായത്. വിഷയത്തില്‍ അക്കാദമി നിര്‍വ്വാഹക സമിതിയും ജനറല്‍ കൗണ്‍സിലും ചേര്‍ന്നാണ് ഏകകണ്‌ഠേയമായി തീരുമാനമെടുത്തത്. കാര്‍ട്ടൂണ്‍ ഏതെങ്കിലും മത ചിഹ്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നില്ലയെന്നും ജൂറിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും യോഗം വിലയിരുത്തി.

കാര്‍ട്ടൂണ്‍ ആരുടെയെങ്കിലും അവകാശങ്ങളെയോ വിശ്വാസങ്ങളെയോ ഭരണഘടനാപരമായി ലംഘിക്കുന്നുണ്ടോയെന്ന് നിയമപരമായി ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലുളള പ്രതിഷേധങ്ങള്‍ ഇന്നും തുടര്‍ന്നു. കാര്‍ട്ടൂണില്‍ കുരിശിനെ അവഹേളിച്ചെന്നാരോപിച്ച് തൃശൂര്‍ അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നേതൃത്തില്‍ രാവിലെ ലളിതകലാ അക്കദമിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കാര്‍ട്ടൂണിലൂടെ കുരിശിനെയാണ് അവഹേളിച്ചതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍ പറഞ്ഞു.

കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കാനുളള തീരുമാനത്തില്‍ അക്കാദമി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകാനാണ് സാധ്യത.