പക്ഷിപ്പനി ഭീതിയില്‍ ആലപ്പുഴ; നാല് പഞ്ചായത്തുകളില്‍ കള്ളിങ്ങ് തുടങ്ങുന്നു, 33 പ്രദേശങ്ങളില്‍ നിരീക്ഷണം

Jaihind News Bureau
Friday, January 9, 2026

 

ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 13,785 വളര്‍ത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ജനുവരി 9, 10 തീയതികളിലായി കള്ളിങ്ങ് പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ആദ്യദിനം അമ്പലപ്പുഴ നോര്‍ത്ത്, സൗത്ത് പഞ്ചായത്തുകളിലും ശനിയാഴ്ച കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കും.

രോഗവ്യാപന ഭീഷണിയെത്തുടര്‍ന്ന് പ്രഭവകേന്ദ്രങ്ങള്‍ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ സര്‍വൈലന്‍സ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരിധിയില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ വിപണനത്തിനും കടത്തലിനും ജില്ലാ കളക്ടര്‍ ഒരാഴ്ചത്തെ നിരോധനം ഏര്‍പ്പെടുത്തി. പക്ഷികളുടെ ഇറച്ചി, മുട്ട, വളം, ഫ്രോസണ്‍ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും ഈ കാലയളവില്‍ അനുവദിക്കില്ല. രോഗം ബാധിച്ച പ്രദേശങ്ങളില്‍ കള്ളിങ്ങ് പൂര്‍ത്തിയായി മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളര്‍ത്താന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന തകഴി, എടത്വ, പുന്നപ്ര, പുറക്കാട്, മാന്നാര്‍ തുടങ്ങി 33 തദ്ദേശ ഭരണ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കി. കള്ളിങ്ങ് നടപടികള്‍ക്കായി പ്രത്യേക ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചത്ത പക്ഷികളെയോ രോഗലക്ഷണമുള്ളവെയോ കണ്ടാല്‍ ഉടന്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.