ബിപോർ ജോയ് വൈകിട്ട് ഗുജറാത്ത് തീരം തൊടും: മണിക്കൂറില്‍ 150 കി.മീ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത; കടല്‍ക്ഷോഭം രൂക്ഷം, ജനങ്ങളെ ഒഴിപ്പിക്കുന്നു

Jaihind Webdesk
Thursday, June 15, 2023

 

അഹമ്മദാബാദ്: ബിപോർ ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത. കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ഗുജറാത്ത് തീരത്തുനിന്ന് 74,343 പേരെ ഒഴിപ്പിച്ചു. 76 ട്രെയിൻ സർവീസുകളും റദ്ദാക്കി. ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചു. സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്‍റെ 115 സംഘത്തെയും വൈദ്യുതി വകുപ്പിന്‍റെ 397 പേരെയും വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. പോർബന്തറിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നു.  കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയാറെടുപ്പുകൾ പൂർത്തിയായി.

നിലവിൽ ഗുജറാത്ത് തീരത്തുനിന്ന് 220 കിലോമീറ്റർ അകലെ നിലകൊള്ളുന്ന ബിപോർ ജോയ് നാലു മണിയോടെ സൗരാഷ്ട്ര, കച്ച് തീരങ്ങളിലും അതിനോടു ചേർന്നുള്ള മാണ്ഡവി – കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താൻ തീരത്തുമായി കരതൊടുമെന്നാണ് നിരീക്ഷിക്കുന്നത്. കാറ്റഗറി 3 ലെ അതിതീവ്ര ചുഴലിക്കാറ്റിന്‍റെ ഗണത്തിലാണ് ബിപോർ ജോയ് കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.