PM SRI Project | ബിനോയ് വിശ്വം തുറന്നടിക്കുന്നു: ഇത് മുന്നണി മര്യാദയുടെ ലംഘനം , സിപിഎം ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തുന്നു

Jaihind News Bureau
Friday, October 24, 2025

സിപിഎം നേതൃത്വത്തെയും സര്‍ക്കാരിനെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രസ്താവനകളാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഇത് എല്‍ഡിഎഫിന്റെ ശൈലിയല്ല, മുന്നണി മര്യാദയുടെ ലംഘനമാണ്,’ എന്ന് അദ്ദേഹം തുറന്നടിച്ചു. ഘടകകക്ഷികളെ ‘ഇരുട്ടില്‍ നിര്‍ത്തി’ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിഎം ശ്രീ ധാരണാപത്രം മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും, നയപരമായ തീരുമാനങ്ങള്‍ക്കായി ഇടതു മുന്നണി ഇത് ചര്‍ച്ച ചെയ്യാതെ മാറ്റിവെക്കുകയായിരുന്നുവെന്നും ബിനോയ് വിശ്വം വെളിപ്പെടുത്തി. ‘ഇത്രയേറെ ഗൗരവമേറിയ കാര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ ഘടകകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി സിപിഐക്ക് മനസ്സിലാകുന്നില്ല,’ എന്നും അദ്ദേഹം പറഞ്ഞു. ഈ സമീപനം തിരുത്തപ്പെടണമെന്നും എല്‍ഡിഎഫ് ജനാധിപത്യവഴിയായിരിക്കണം എന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പിഎം ശ്രീയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെന്നും, ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും 27ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ബിനോയ് വിശ്വം നല്‍കുന്ന രാഷ്ട്രീയ സൂചനകള്‍:

ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ ഇടതുമുന്നണിയിലെ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്ത് ഘടകകക്ഷികളെ അവഗണിക്കുന്നു എന്ന വികാരം സിപിഐയില്‍ ശക്തമാണ്. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം ഉന്നയിച്ച ‘ഡീല്‍’ ആരോപണവും, ബിനോയ് വിശ്വത്തിന്റെ മുന്നണി മര്യാദ ലംഘനം എന്ന വിമര്‍ശനവും സിപിഎമ്മിന്റെ രാഷ്ട്രീയ വിശ്വാസ്യതക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിര്‍ത്ത സിപിഎം, ഇപ്പോള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി ആദര്‍ശപരമായ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചു എന്ന് പകല്‍ പോലെ വ്യക്തമാണ്.

സിപിഎമ്മിന്റെ ഏകപക്ഷീയ നിലപാടില്‍ അതൃപ്തരായ സിപിഐക്ക് മുന്നില്‍ ചില നിര്‍ണായക ചോദ്യങ്ങളുണ്ട്. മുന്നണിയില്‍ സ്വന്തം നിലപാട് അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍, എല്‍ഡിഎഫില്‍ തുടരുന്നത് എത്രത്തോളം പ്രായോഗികമാണ് എന്നത് സിപിഐ നേതൃത്വത്തിന് തീരുമാനിക്കേണ്ടിവരും. യുഡിഎഫിലേക്ക് നിലവില്‍ കോണ്‍ഗ്രസ് ക്ഷണം നിലനില്‍ക്കുന്നുണ്ട് . ഇത് സിപിഐക്ക് മേല്‍ ഒരു സമ്മര്‍ദ്ദം ചെലുത്തും. കേന്ദ്ര നയങ്ങള്‍ക്കെതിരെ പോരാടാന്‍ യുഡിഎഫ് മാത്രമാണ് ബദല്‍ എന്ന് യാഥാര്‍ത്ഥ്യമാണ് നിലവിലുള്ളത്. മുന്നണിയിലെ ഭിന്നതകള്‍ ആഴത്തിലുള്ള രാഷ്ട്രീയ പ്രതിസന്ധിയുടെ സൂചന നല്‍കുന്നു. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ എല്‍ഡിഎഫില്‍ വലിയ ചര്‍ച്ചകള്‍ക്കും ഒരുപക്ഷേ പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ടെന്ന് ഈ സംഭവവികാസങ്ങള്‍ അടിവരയിടുന്നു.