മകന് ശബരിമലയ്ക്ക് പോയതിന് സി.ഐ.ടി.യു പ്രവര്‍ത്തകനെ സസ്പെന്റ് ചെയ്ത പാര്‍ട്ടി, സെക്രട്ടറിയുടെ മകന്റെ സന്നിധാന ദര്‍ശനത്തെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സാധാരണ പ്രവര്‍ത്തകരും ജനങ്ങളും ചോദിക്കുന്നു. ചിങ്ങം ഒന്നിന് നട തുറന്നപ്പോഴാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തിയത്. ഇരുമുടിക്കെട്ടുമായി ശനിയാഴ്ച വൈകിട്ടാണ് ബിനോയ് ദര്‍ശനം നടത്തിയത്. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച് വൈകിട്ടാണ് അയ്യപ്പദര്‍ശനം നടത്തിയത്. മാളികപ്പുറത്തും ദര്‍ശനം നടത്തിയതിന് ശേഷമാണ് ബിനോയി മലയിറങ്ങിയത്. മേല്‍ശാന്തി നല്കിയ പ്രസാദവും സ്വീകരിച്ചായിരുന്നു മടക്കം. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് ശബരിമലയിലെത്തിയത്.
അതേസമയം കഴിഞ്ഞ ഡിസംബര്‍ മാസമാണ് പാലക്കാട് കഞ്ചിക്കോട് മായപ്പള്ളം ലക്ഷം വീട് കോളനിയില്‍ മണിയെ സി.ഐ.ടി.യുവില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടി വീണ്ടും ചര്‍ച്ചയാകുന്നത് മകന് ശബരിമലയ്ക്ക് പോയതിനാണ് 39 വര്‍ഷമായി സിഐടിയു പുതുശ്ശേരി യൂണിറ്റിലെ ചുമട്ട്തൊഴിലാളിയായ മണിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്.
യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് തുലാമാസ പൂജാ സമയത്ത് ശബരിമലയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അനീഷ് പങ്കെടുത്തിരുന്നു. സ്വന്തം താല്പര്യപ്രകാരമായിരുന്നു അനീഷും സുഹൃത്തുക്കളും നിലയ്ക്കലിലെ പരിപാടികളില്‍ പങ്കെടുത്തത്. തിരികെയെത്തിയ അനീഷിനെ നവംബര്‍ 12ന് പുലര്‍ച്ചെ ഒരു സംഘം പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് മണിയെ പാര്‍ട്ടി സസ്പെന്റ് ചെയ്തത്. മകന് പാര്‍ട്ടിനയത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് കാരണം പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ശബരിമല ദര്‍ശനത്തെക്കുറിച്ച് സഖാക്കള്‍ എന്ത് ന്യായീകരണമാണ് നല്‍കുന്നതെന്നാണ് ഏവരും ചോദിക്കുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്കിയ ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധനാ ഫലം ഈ മാസം അവസാനം പുറത്തുവരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ശബരിമല ദര്‍ശനം. കേസില്‍ ഉപാധികളോടെയുള്ള മുന്‍കൂര്‍ ജാമ്യത്തിലാണ് ബിനോയ് കോടിയേരി.