വിവാഹിതരാണോ എന്ന് കോടതി; ആണെന്ന് യുവതി, അല്ലെന്ന് ബിനോയ് കോടിയേരി; കേസ് മാറ്റിവെച്ചു

Jaihind Webdesk
Thursday, July 14, 2022

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിലെ ഒത്തുതീർപ്പ് ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവെച്ചു. വിവാഹിതരാണോ എന്ന  കോടതിയുടെ ചോദ്യത്തിന് ഇരുഭാഗത്തുനിന്നും പരസ്പരവിരുദ്ധമായ മറുപടിയാണ് ഉണ്ടായത്. വിവാഹിതരാണെന്ന് ബിഹാർ സ്വദേശിനിയായ യുവതി പറഞ്ഞപ്പോള്‍ അല്ലെന്നായിരുന്നു ബിനോയ് കോടിയേരിയുട മറുപടി. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി തയാറാക്കി തയാറാക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെ ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്.

കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോഴാണ് വിവാഹിതരാണോ എന്ന ചോദ്യത്തിന് ഇരുഭാഗവും പരസ്പരവിരുദ്ധമായ മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇക്കാര്യങ്ങളില്‍ വിശദവും കൃത്യവുമായ മറുപടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയായ യുവതി മുംബൈ പോലീസില്‍ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.  ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് കോടിയേരി പരിചയപ്പെട്ടു.  2009 നവംബറിൽ ഗർഭിണിയായി. വിവാഹം കഴിക്കാമെന്ന് ബിനോയ് ഉറപ്പ് തന്നിരുന്നു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. 2015 ഓടെ ചെലവിന് പണം നല്‍കുന്നത് അവസാനിപ്പിച്ചു.  2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് തന്നെ ഭീഷണിപ്പെടുത്തി തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇപ്പോള്‍ ഒത്തുതീർപ്പ് നീക്കവുമായാണ്  കോടതിയെ സമീപിച്ചിരിക്കുന്നത്. കുട്ടി തന്‍റേതാണെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചു. കുട്ടിയുടെ ഭാവിയെ ഓർത്താണ് ഒത്തുതീര്‍പ്പിന് തീരുമാനിച്ചതെന്ന് ഇരുവരും ഒപ്പിട്ട രേഖയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് ക്രിമിനൽ കേസാണെന്നും ഒത്തുതീർക്കാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ കുറ്റപത്രത്തിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ പരസ്പരവിരുദ്ധമായ മറുപടിയും തിരിച്ചടിയായിരിക്കുകയാണ്.