കൊച്ചി: ബംഗളൂരു ലഹരി മരുന്ന് കേസില്‍ സിപിഎ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച ചോദ്യം ചെയ്യും. പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിക്ക് ഇ.ഡി നോട്ടീസ് നൽകിയത്.
കേസില്‍ എന്‍.സി.ബി. അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂപിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത്. കര്‍ണാടകയിലെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയതായി അനൂപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇ.ഡി ബംഗളൂരു യൂണിറ്റ് ബിനീഷിനെ വിളിപ്പിച്ചത്.
മയക്കു മരുന്ന് കേസിൽ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചൊവ്വാഴ്ച്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് കേന്ദ്ര ഏജന്‍സികളും കര്‍ണാടക പൊലീസിലെ രണ്ട് വിഭാഗങ്ങളുമാണ് നിലവില്‍ ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ബിനീഷിനെ കൊച്ചി ഇ.ഡി.ഓഫീസിലും ചോദ്യം ചെയ്തിരുന്നു.