ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. 34-ാം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. കോടതി ചേർന്ന ഉടൻ തന്നെ ബിനീഷിന്‍റെ ജാമ്യഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ ജാമ്യഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇ.ഡി. കൂടുതൽ തെളിവുകൾ നിരത്തി.
ഇതിനു പിന്നാലെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ബിനീഷിനെ റിമാൻഡ് ചെയ്യുകയായിരുന്നു. ഒക്ടോബർ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. അന്നു മുതൽ ഇഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്.
ഇന്ന് ബിനീഷിനെ ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല. പകരം ബിനീഷിന്‍റെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടുള്ള നീക്കമാണ് ഇഡി നടത്തിയത്. നവംബർ 18ന് ജാമ്യഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.